ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡ് -19 ബാധിച്ച് 45 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണിത്. കഴിഞ്ഞ 14നാണ് ശ്വാസ തടസത്തെത്തുടർന്ന് കുഞ്ഞിനെ ഡൽഹി കലാവതി സരൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 16 ന് കൊവിഡ് സ്ഥിരീകരിച്ചു. കുഞ്ഞിന് രോഗം പകർന്നത് ആശുപത്രിയിൽ നിന്നാണെന്നാണ് റിപ്പോർട്ട്.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കുട്ടികളുടെ ആശുപത്രിയായ കലാവതി സരണിൽ കൊവിഡ് ബാധിച്ച് 10 മാസം പ്രായമുള്ള മറ്റൊരു കുട്ടി കൂടി ചികിത്സയിലുണ്ട്. ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്ര്യൂട്ട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരായ ആരോഗ്യപ്രവർത്തകരുള്ള ആശുപത്രിയാണ് ഇവിടം. മൂന്ന് ദിവസം മുമ്പ് സീനിയർ റസിഡന്റ് ഡോക്ടർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. പിന്നീട് അദ്ദേഹവുമായി സമ്പർക്കത്തിലേർപ്പെട്ടവരെ പരിശോധനയ്ക്ക് വിധേയരാക്കിയതോടെ ഒരു ഡോക്ടറും മൂന്ന് നഴ്‌സുമാരുമുൾപ്പെടെ ചില സ്റ്റാഫുകൾക്കും രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിട്ടുള്ള മറ്റു കുട്ടികൾ സുരക്ഷിതരാണെന്നും ആ കുട്ടികൾക്ക് വൈറസ് ബാധയേൽക്കാതിരിക്കാൻ മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നതടക്കമുള്ള നടപടികളെടുക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. നേരത്തെ 14മാസം പ്രായമുള്ള ഒരു കുഞ്ഞ് ഗുജറാത്തിലെ ജാംനഗറിൽ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.