ന്യൂഡൽഹി:കൊവിഡ് സാമൂഹിക വ്യാപനത്തെ പറ്റി സംശയങ്ങൾ നിലനിൽക്കുന്നതിനാൽ രാജ്യത്ത് പനി ലക്ഷണങ്ങളുമായി ആശുപത്രികളിൽ എത്തുന്ന എല്ലാവർക്കും കൊവിഡ് പരിശോധന നടത്താൻ കേന്ദ്ര മന്ത്രിതല സമിതിയുടെ ശുപാർശ. വിദേശയാത്രാ ചരിത്രമോ, കൊവിഡ് രോഗീ സമ്പർക്കമോ ഇല്ലാത്തവരെയും പരിശോധിക്കും. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമിതിയാണ് ഈ നിർദേശം നൽകിയത്.
ഹോട്ട് സ്‌പോട്ടുകളിലും കൊവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്ത ഇടങ്ങളിലുമാകും ആദ്യം വ്യാപക പരിശോധന നടപ്പാക്കുക. ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലടക്കം കൊവിഡ് ലക്ഷണങ്ങൾ ഇല്ലാത്തവരിലും രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ എന്ത് രോഗത്തിനും ആശുപത്രികളിലെത്തുന്നവരേയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കാനും നിർദ്ദേശമുണ്ട്. വിദേശയാത്രാ ചരിത്രമോ, കൊവിഡ് രോഗീ സമ്പർക്കമോ ഇല്ലാത്ത ആരോഗ്യപ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പല ആശുപത്രികളും ഡോക്ടർമാർ അടക്കം മുഴുവൻ ജീവനക്കാരേയും പരിശോധനകൾക്ക് വിധേയരാക്കുന്നുണ്ട്.
പൂൾ ടെസ്റ്റിംഗ് തുടങ്ങി
രാജ്യത്തെ 136 കോടി ജനങ്ങളും കൊവിഡ് ഭീഷണിയിലാണെങ്കിലും ഇതുവരെ വെറും മൂന്ന് ലക്ഷം പേരെയാണ് പരിശോധിച്ചത്. അതിനാൽ പൂൾ ടെസ്റ്റിനും (വ്യാപക പരിശോധന) കേന്ദ്രം നിർദ്ദേശിക്കുന്നുണ്ട്.
ഒരുപാട് പേരുടെ സാമ്പിളുകൾ പരിശോധികുന്നതിന്റെ ചെലവ് കുറയ്ക്കാനാണ് പൂൾ ടെസ്റ്റിംഗ്. ഒരു കൂട്ടം ആളുകളിൽ നിന്ന് ഒരാളെ തിരഞ്ഞെടുത്ത് പരിശോധിക്കുന്ന രീതിയാണിത്. ഈ വ്യക്തിയുടെ ഫലം പോസിറ്റീവ് ആയാൽ ആ കൂട്ടത്തിലുള്ള എല്ലാവരേയും പരിശോധിക്കും. നിലവിൽ ആരോഗ്യ സേതു ആപ്പ് വഴിയുള്ള വിവരങ്ങളും നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങളും ശേഖരിച്ച് രോഗലക്ഷണങ്ങൾ കാണിക്കുന്ന എല്ലാവരെയും പരിശോധിക്കാനാണ് തീരുമാനം. ടെസ്റ്റിന് ആർ.ടി. പി.സി.ആർ. എന്ന പഴയ മാർഗമാണ് ഉപയോഗിക്കുക.
ഉത്തർപ്രദേശും പശ്ചിമ ബംഗാളും പൂൾ ടെസ്റ്റിംഗ് ആരംഭിച്ചു കഴിഞ്ഞു.
കിറ്റുകൾ സംസ്ഥാനങ്ങളിലെത്തിച്ചു
റാപിഡ് ആന്റിബോഡി ഡിറ്റക്‌ഷൻ ടെസ്റ്റ് , ആർ.എൻ.എ. എക്‌സ്ട്രാക്‌ഷൻ ടെസ്റ്റ് എന്നിവയ്ക്കായി ചൈനയിൽ നിന്ന് എത്തിച്ച 6.5 ലക്ഷം കിറ്റുകൾ സംസ്ഥാനങ്ങളിൽ എത്തിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിന് പുറമേ കൊറിയയിൽ നിന്നുള്ള കിറ്റുകളും എത്തിച്ചിട്ടുണ്ട്. ഒരു ലക്ഷം റാപിഡ് ആന്റിബോഡി ഡിറ്റക്‌ഷൻ ടെസ്റ്റ് കിറ്റുകളാണ് കേരളത്തിന് ലഭ്യമാക്കിയിട്ടുള്ളത്. മഹാരാഷ്ട്ര (2 ലക്ഷം ),ഗോവ (4,000), ജമ്മു കാശ്മീർ (16,500), ചണ്ഡിഗഢ് (75,000), ഹരിയാന (10,000),കർണാടക (11,400), ആന്ധ്രാപ്രദേശ് (10,000),പശ്ചിമ ബംഗാൾ (30,000), തമിഴ്‌നാട് (36,000), ഉത്തർ പ്രദേശ് (30,000) എന്നീ സംസ്ഥാനങ്ങളിലും കിറ്റുകൾ എത്തിച്ചു.