covid-

ന്യൂഡൽഹി:രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 16116 ആയി. 519 പേർക്ക് ജീവൻ നഷ്ടമായി. 2032 പേർക്ക് രോഗം ഭേദമായി. 24 മണിക്കൂറിനിടെ 1334 പുതിയ കൊവിഡ് കേസുകളും 27 മരണവും ഉണ്ടായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗമുക്തി നിരക്ക് 14.91 ശതമാനമായി ഉയർന്നു.

അതിനിടെ ഹിമാചൽ പ്രദേശിൽ കൊവിഡ് രോഗം മാറി ആശുപത്രി വിട്ടയാൾക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിച്ചു. തബ് ലീഗ് പ്രവർത്തകനായ ഇയാളുടെ ആദ്യത്തെ രണ്ട് ഫലവും നെഗറ്റീവായിരുന്നു. മൂന്നാമത്തെ ഫലമാണ് പോസിറ്റീവായത്.

അതേസമയം ഗോവയിലെ ഏഴ് കൊവിഡ് രോഗികളും രോഗമുക്തി നേടി ആശുപത്രി വിട്ടു. ഏപ്രിൽ മൂന്നിന് ശേഷം സംസ്ഥാനത്ത് പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.മണിപ്പൂരിൽ കൊവിഡ് ബാധിതനായ രണ്ടാമത്തെയാളും രോഗമുക്തി നേടി. സംസ്ഥാനത്ത് നിലവിൽ കൊവിഡ് രോഗികളില്ല.

-അനൗദ്യോഗിക കണക്കിൽ രാജ്യത്തെ കൊവിഡ് കേസുകൾ 16,128. മരണം 528.

- മഹാരാഷ്ട്രയിൽ 3648 കേസുകൾ.മരണം 211

-ഗുജറാത്ത് 1604.മരണം 58.
-രാജസ്ഥാൻ-1431. മരണം 22
-മദ്ധ്യപ്രദേശ്- 1,402. മരണം 69.
-തമിഴ്‌നാട് 1,372.മരണം 15
-ഉത്തർപ്രദേശ് 974.മരണം 14
-തെലങ്കാന-809.മരണം 18.
-ആന്ധ്രാപ്രദേശ്-647. മരണം 17.
-കർണാടക 388.മരണം 14.

-രോഗലക്ഷണമില്ലെങ്കിലും ഹൈ റിസ്‌കിലുള്ളവരെ ക്വാറന്റൈൻ ചെയ്ത് നിരീക്ഷിക്കണമെന്ന് ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു. മാഹിയിലും കർണാടകയിലെ കുടകിലും 28 ദിവസത്തിനിടെ പുതിയ കേസുകളില്ല. 23 സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിലെ 54 ജില്ലകളിൽ 14 ദിവസത്തിനുള്ളിൽ പുതിയ കേസുകളില്ല.

-കൊവിഡ് ബാധിതൻ ഡൽഹി സഫ്ദർജംഗ് ആശുപത്രിയുടെ മൂന്നാം നിലയിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

-മഹാരാഷ്ട്രയിൽ 66,​000ത്തിലധികം പരിശോധനകൾ നടത്തി. 52 രോഗികൾ ഗുരുതരാവസ്ഥയിലാണ്.പ്രതിസന്ധി അവസാനിച്ചാൽ എല്ലാവരെയും വീട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കുടിയേറ്റ തൊഴിലാളികളെ അറിയിച്ചു.

-ഹിമാചൽപ്രദേശിൽ 39 പേർക്ക് കൊവിഡ്. ഒരു മരണം.
-ജമ്മുകാശ്മീരിൽ പുതിയ 9 കേസുകൾ.

ഡൽഹിയിൽ സ്ഥിതി ഗുരുതരം

മഹാരാഷ്ട്രയ്ക്ക് ശേഷം ഏറ്റവും കൂടുതൽ കേസുള്ള ഡൽഹിയിൽ സ്ഥിതി ഗുരുതരമാണ്. രോഗികൾ 1,893 ആയി. മരണം 43. ഡൽഹിയിലെ 11 ജില്ലകളും റെഡ് സോണിൽ. 9 ജില്ലകളിലും ഹോട്ട്സ്പോട്ടുകളുണ്ട്. അതിതീവ്രമേഖലകൾ 77 ആണ്.

ഡൽഹിയിൽ രോഗികൾ വർദ്ധിക്കുന്നതിനാൽ ഏപ്രിൽ 20 ന്‌ശേഷവും ലോക്ഡൗണിൽ ഇളവുകളുണ്ടാകില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറിയിച്ചു. ഒരാഴ്ചയ്ക്ക് ശേഷം സ്ഥിതി വിലയിരുത്തി ഇളവുകൾ തീരുമാനിക്കും. രാജ്യത്തെ ജനസംഖ്യയിൽ രണ്ടു ശതമാനം മാത്രമാണ് ഇവിടെയുള്ളതെങ്കിലും കൊവിഡ് കേസുകളിൽ 12 ശതമാനം ഡൽഹിയിലാണെന്ന് കേജ്‌രിവാൾ വ്യക്തമാക്കി. രോലക്ഷണമില്ലാത്തവർക്കുപോലും കൊവിഡ് സ്ഥിരീകരിക്കുന്നുണ്ട്. ഡൽഹിയിലെ 11 ജില്ലകളിലും കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം ഡൽഹിയിൽ പരിശോധിച്ചവരിൽ 25 ശതമാനത്തിനും കൊവിഡ് സ്ഥിരീകരിച്ചെങ്കിലും ആർക്കും രോഗലക്ഷണങ്ങളില്ലായിരുന്നു. ഇത് കൂടുതൽ ആശങ്കയുണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.