ന്യൂഡൽഹി: ലോക്ക് ഡൗണിനിടെ അനുവദിച്ച ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രിത മേഖലകളിൽ (കണ്ടെയ്‌ൻമെന്റ് സോണുകൾ) പാടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഈ മേഖലകളിൽ കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. ഏറ്റവും കൂടുതൽ കേസുകളുള്ള പ്രദേശങ്ങൾ, അല്ലെങ്കിൽ നാലു ദിവസത്തിനുള്ളിൽ കൊവിഡ് കേസുകൾ ഇരട്ടിയാകുന്ന പ്രദേശങ്ങൾ എന്നിവയാണ് ഹോട്ട് സ്‌പോട്ടുകളെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഹോട്ട്സ്‌പോട്ടുകളും നിയന്ത്രിത മേഖലകളും അല്ലാത്തയിടങ്ങളിൽ ഗ്രാമീണ, കാർഷിക, വ്യാവസായിക,വാണിജ്യ മേഖലകളിലെ തിരഞ്ഞെടുക്കപ്പെട്ട ചില പ്രവൃത്തികൾക്ക് ഇന്നു മുതൽ ഉപാധികളോടെയുള്ള ഇളവുകൾ കേന്ദ്രം അനുവദിച്ചിരുന്നു. ലോക്ക് ഡൗൺ നടപടികളുടെ ഭാഗമായി നിലവിലുള്ള കർശന മാർഗനിർദേശങ്ങൾ പാലിച്ചാവണം സംസ്ഥാനങ്ങൾ ഇളവ് നടപ്പിലാക്കേണ്ടതെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
ഓഫീസുകൾ,ജോലിസ്ഥലങ്ങൾ, വ്യവസായശാലകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിക്കാനുള്ള സൗകര്യം ഏർപ്പെടുത്തണം. റേഷൻകടകൾ, ഭക്ഷ്യ,പലവ്യഞ്ജനം, പഴം, പച്ചക്കറി കടകൾ എന്നിവയ്ക്ക് സമയ നിയന്ത്രണം ബാധകമല്ല. ചന്തകൾക്ക് പ്രവർത്തിക്കാം. ജിംനേഷ്യം, സ്പോർട്സ് കോംപ്ലക്സുകൾ, നീന്തൽക്കുളങ്ങൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവയ്ക്ക് ഇളവില്ല.