ന്യൂഡൽഹി:ജാതിയോ മതമോ നിറമോ ഭാഷയോ വർഗമോ അനുസരിച്ചല്ല കൊവിഡ് രോഗം ബാധിക്കുന്നതെന്നതും അതിനാൽ വിവേചനങ്ങൾക്ക് വഴിനൽകാതെ സാഹോദര്യവും ഒരുമയും കൊണ്ട് വേണം മഹാമാരിക്ക് മറുപടി നൽകേണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിന്ദുക്കളെയും മുസ്ലീങ്ങളെയും പ്രത്യേക വാർഡുകളിലാക്കിയ അഹമ്മദാബാദ് സിവിൽ ആശുപത്രിയുടെ നടപടി ഏറെ വിവാദത്തിലായിരിക്കെയാണ് ലിങ്ക്ഡ് ഇൻ എന്ന സാമൂഹിക മാദ്ധ്യമത്തിൽ പ്രധാനമന്ത്രിയുടെ സന്ദേശം.
''പരസ്പരം പോരടിച്ചിരുന്ന രാജ്യങ്ങൾ വരെ ചരിത്രം തിരുത്തിക്കുറിച്ച് ഒത്തൊരുമയോടെ കൊവിഡെന്ന മഹാമാരിക്കെതിരെ പോരാടുകയാണ്. മാറ്റങ്ങൾ ഉൾക്കൊണ്ട് ഒത്തൊരുമയോടെ മുന്നോട്ട് നീങ്ങുന്നവരുടേതാണ് ഭാവി ലോകം.ഇന്ത്യയിൽ നിന്നുള്ള പ്രതീക്ഷ നൽകുന്നതും നവീനവുമായ ആശയങ്ങൾ ആഗോളതലത്തിൽ ചർച്ചയാകും. ആ ആശയങ്ങൾ ഇന്ത്യയ്‌ക്ക് മാത്രമല്ല മനുഷ്യരാശിക്ക് തന്നെ മുതൽകൂട്ടാകും. കൊവിഡിന് മുമ്പ് അംബരചുംബികളായ കെട്ടിടങ്ങളും മികച്ച റോഡുകളും തുറമുഖങ്ങളുമൊക്കെയായിരുന്നു രാജ്യത്തിന്റെ പുരോഗതിയുടെ മാറ്റ് നിർണ്ണയിച്ചിരുന്നത്. എന്നാൽ ഇന്ന് വീടുകളിലേക്ക് ഒതുങ്ങുന്ന മനുഷ്യരാശി ആരോഗ്യവാന്മാരായ, നൂതനായശയങ്ങളുടെ വക്താക്കളെ തേടുകയാണ്'' എന്നും പ്രധാനമന്ത്രി കുറിച്ചു.