covid-19

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച 80 ശതമാനം പേരും പ്രകടമായ രോഗല

ക്ഷണങ്ങളില്ലാത്തവരെന്ന് ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിലെ (ഐ.സി.എം.ആർ.) മുതിർന്ന ശാസ്ത്രജ്ഞൻ ഡോ.ആർ.ആർ. ഗംഗാകേദ്ഖർ പറഞ്ഞു.ഡൽഹിയിലും മഹാരാഷ്ട്രയിലുമാണ് ഇത്തരം കൂടുതൽ കേസുകൾ. പലർക്കും കൊവിഡ് ബാധിതരുമായി നേരിട്ട് ബന്ധമില്ലെന്നും അദ്ദേഹം എൻ.ടി.വിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ലോകത്താകമാനമുള്ള കൊവിഡ് രോഗികളുടെ കണക്കെടുത്താലും സമാനമായ പ്രശ്നം കണ്ടെത്തിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാളും വ്യക്തമാക്കി.എന്നാൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരിൽ ഇരുപത് ശതമാനം പേരിൽ മാത്രമാണ് രോഗം മൂർച്ഛിച്ചത്. ഇതിൽ 15 ശതമാനം പേർക്കു മാത്രമാണ് കൃത്രിമശ്വാസം അടക്കം നൽകേണ്ടി വന്നതെന്നും അതിനാൽ നിലവിലെ പരിശോധനാ രീതിയുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും ലവ് അഗർവാൾ പറഞ്ഞു.

പൂൾ ടെസ്റ്റ് ആരംഭിച്ചു

രോഗലക്ഷണങ്ങൾ പ്രകടമല്ലാത്തിടത്തും കുറ്റമറ്റ രീതിയിൽ കൊവിഡ് പരിശോധന നടത്തുന്നതിന്റെ ഭാഗമായി രാജ്യത്ത് പൂൾ ടെസ്റ്റ് ആംരഭിച്ചു. ഒരേ സമയം ഒന്നിലധികം പേരുടെ സാമ്പിളുകൾ ഒരുമിച്ചു പരിശോധിക്കാൻ കഴിയുന്നതാണ് പൂൾ ടെസ്റ്റ്. രണ്ടു മുതൽ അഞ്ചു വരെ അംഗങ്ങളുടെ സ്രവങ്ങൾ ഒരുമിച്ചു ചേർത്ത് ഒറ്റ സാമ്പിളായി പരിശോധനാ വിധേയാമാക്കും. ഫലത്തിൽ സാമ്പിൾ നെഗറ്റീവ് ആയാൽ അഞ്ചു പേർക്കും രോഗമില്ലെന്ന് കണ്ടെത്താം. സാമ്പിൾ പോസിറ്റീവ് ആയാൽ അഞ്ചു പേരേയും

പ്രത്യേകം പരിശോധന നടത്തും.അതേസമയം ആരോഗ്യ പ്രവ‌ർത്തകർ, വിദേശയാത്ര നടത്തിയവർ തുടങ്ങി ഹൈ റിസ്ക് കൊവിഡ് വിഭാഗത്തിൽപ്പെടുന്നവരെ പൂൾ ടെസ്റ്രിന് വിധേയരാക്കരുതെന്ന് ഐ.സി.എം.ആർ നിർദേശിച്ചിട്ടുണ്ട്.ഉത്തർപ്രദേശാണ് പൂൾ ടെസ്റ്റിംഗ് നടപ്പിലാക്കിയ ആദ്യ സംസ്ഥാനം. പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ പൂൾ ടെസ്റ്റിംഗ് ഉടൻ നടപ്പിലാക്കുമെന്നാണ് വിവരം.