ന്യൂഡൽഹി: സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നത് ഉറപ്പാക്കാൻ കേന്ദ്രസർക്കാർ മന്ത്രിതല സമിതി രൂപീകരിച്ചതിലെ മാനദണ്ഡം വ്യക്തമാക്കണമെന്ന് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിന്റെ മാർഗനിർദ്ദേശങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ കേന്ദ്ര മന്ത്രിതല സമിതികളിലൊന്നിനെ പശ്‌ചിമ ബംഗാളിലെ ചില ജില്ലകളിൽ മേൽനോട്ടം വഹിക്കാൻ അയയ്‌ക്കുന്നതിന്റെ മാനദണ്ഡമെന്താണെന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും വ്യക്തമാക്കണമെന്നും മമതാ പറഞ്ഞു. ഇത്തരം നടപടികൾ ഫെഡറൽ സംവിധാനത്തിന്റെ അന്തസന്തയെ ബാധിക്കുന്നതാണെന്നും മമത ചൂണ്ടിക്കാട്ടി. ബംഗാളിൽ പ്രഖ്യാപിച്ച ചില ഇളവുകൾ ലോക്ക്ഡൗൺ മാർഗനിർദ്ദേശങ്ങൾക്ക് എതിരാണെന്ന് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിതല സമിതി രൂപീകരിച്ചത്.