ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പാർലമെൻറ് ചെലവ് ചുരുക്കുന്നു. ലോക്സഭാംഗങ്ങളുടെ പഠനയാത്രകളും വിവിധ സെമിനാറുകളും സമ്മേളനങ്ങളും താത്കാലികമായി നിറുത്താൻ ലോക്സഭാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ഈ സാമ്പത്തികവർഷം 811 കോടി രൂപയാണ് ലോക്സഭാ സെക്രട്ടേറിയറ്റിനായി ബഡ്ജറ്റിൽ വകയിരുത്തിയത്. ആദ്യപാദത്തിൽ ബഡ്ജറ്റിന്റെ 20 ശതമാനത്തിൽ കൂടുതൽ ചെലവഴിക്കില്ല. ഏപ്രിൽ-ജൂൺ മാസങ്ങളിൽ കർശനമായി ഇത് നടപ്പാക്കും. കാന്റീൻ ചെലവുകളും വെട്ടിച്ചുരുക്കും. മെഡിക്കൽ അഡ്വാൻസ്, ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി എന്നിവയ്ക്ക് പണം നൽകുന്നതും നീട്ടിവെച്ചു. സമാന നടപടികൾ രാജ്യസഭാ സെക്രട്ടേറിയറ്റും ഉടൻ എടുക്കും.വിവിധ കേന്ദ്രസർക്കാർ മന്ത്രാലയങ്ങളും ചെലവു ചുരുക്കൽ നടപടികളെടുക്കും.