ന്യൂഡൽഹി: പരിശോധനയിൽ പിഴവു കണ്ടെത്തിയതിനെത്തുടർന്ന് ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്‌ത റാപ്പിഡ് ആന്റിബോഡി കിറ്റുകൾ രണ്ടു ദിവസത്തേക്ക് ഉപയോഗിക്കരുതെന്ന് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ (ഐ.സി.എം.ആർ) സംസ്ഥാനങ്ങളെ അറിയിച്ചു. അഞ്ച് ലക്ഷം കിറ്റുകൾ ഉപയോഗിച്ച് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ പരിശോധന തുടങ്ങാനിരിക്കെയാണ് പിഴവ് ശ്രദ്ധയിൽപ്പെടുന്നത്.
ഐ.സി.എം.ആറിലെ വിദഗ്‌ദ്ധ സംഘം നടത്തുന്ന പരിശോധനയ്ക്ക് ശേഷമേ അന്തിമ തീരുമാനമെടുക്കൂ.
കൃത്യമായ ഫലം ലഭിക്കാതിരുന്നതിനെ തുടർന്ന് രാജസ്ഥാനും പശ്ചിമ ബംഗാളും റാപ്പിഡ് ടെസ്റ്റ് നിറുത്തിവച്ചിരുന്നു.
പിഴവ് കണ്ടെത്തിയത് ഇങ്ങനെ
രാജസ്ഥാനിലെ ജയ്‌പൂരിലെ രാംഗഞ്ചിൽ 1200 പേരിൽ നടത്തിയ റാപ്പിഡ് പരിശോധനയിൽ രണ്ടുപേർ മാത്രം പോസിറ്റീവായത് സംശയമുണർത്തി. തുടർന്ന് ജയ്‌പൂർ സവായ് മാൻസിംഗ് ആശുപത്രിയിൽ കൊവിഡ് സ്ഥിരീകരിച്ച 100 രോഗികളിൽ പരിശോധന നടത്തിയപ്പോൾ പോസിറ്റീവായത് വെറും 5 പേർക്ക് ! 90 ശതമാനം കൃത്യതയാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ലഭിച്ചത് വെറും 5 %.
റാപ്പിഡ് ആന്റിബോഡി കിറ്റ്
കൊറോണ വൈറസ് ശരീരത്തിൽ കടക്കുമ്പോൾ ഉത്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡിയുടെ സാന്നിദ്ധ്യമറിയാനുള്ള പരിശോധന. പക്ഷേ വൈറസ് ബാധയുണ്ടായ ശേഷവും ആന്റിബോഡി ഉത്പാദിപ്പിക്കപ്പെട്ടില്ലെങ്കിൽ പരിശോധന ഫലം കാണില്ല.
റാപ്പിഡ് കിറ്റ് ഉപയോഗിച്ചുള്ള പരിശോധനയ്ക്കു ശേഷവും കൊവിഡിന്റെ അംഗീകൃത പരിശോധനയായ ആർ.ടി പി.സി.ആർ ടെസ്റ്റ് നിർബന്ധം.
ഒരു കിറ്റിന്റെ വില 500 രൂപ
അരമണിക്കൂറിനുള്ളിൽ ഫലം