ന്യൂഡൽഹി: കൊവിഡ് 19 നെ പൊരുതിതോൽപ്പിക്കാൻ രാജ്യത്തെ ഡോക്ടർമാരും നഴ്സുമാരും അടക്കം ഒരു കോടി 20 ലക്ഷം ആരോഗ്യ പ്രവർത്തകർ സർവസജ്ജമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ലോക രാജ്യങ്ങളിൽ കൊവിഡിനെ ചെറുക്കുന്നതിന് ആരോഗ്യപ്രവർത്തകരുടെ കുറവ് നേരിടുന്നുവെന്ന വാർത്തകൾക്കിടെയാണ് ആശുപത്രികളുടെയും ആരോഗ്യപ്രവർത്തകരുടെയും വിശദമായ കണക്ക് കേന്ദ്രം പുറത്ത് വിട്ടത്. 1.1 മില്യൺ ഡോക്ടർമാർ, 76,828 പി.ജി ഡോക്ടർമാർ,1.7 മില്യൺ നഴ്സുമാർ, 56,640 അവസാനവർഷ നഴ്സിംഗ് വിദ്യാർത്ഥികൾ എന്നിവരാകും മുൻ നിരയിൽ നിന്ന് കൊവിഡിനെതിരെ പോരാടുക.
സഖ്യസേന
ഫാർമസിസ്റ്റ്, ഡെന്റിസ്റ്റ്, എൻ.എസ്.എസ് - എൻ.സി.സി കേഡറ്റുകൾ, വിമുക്ത ഭടന്മാർ, അങ്കണവാടി - ആശാവർക്കർമാർ, പഞ്ചായത്ത് സെക്രട്ടറി തുടങ്ങി സഖ്യസേനയെയും കേന്ദ്രം തയ്യാറാക്കിയിട്ടുണ്ട്. രണ്ട് ലക്ഷത്തോളം സന്നദ്ധസേനാ പ്രവർത്തകരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.