ന്യൂഡൽഹി: ശുചീകരണ തൊഴിലാളിയുടെ കുടുംബാംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചതോടെ രാഷ്ട്രപതി ഭവൻ കോംപ്ലെക്സിലെ 115 കുടുംബങ്ങളിലുള്ളവരെ നിരീക്ഷണത്തിലാക്കി. അവശ്യവസ്തുക്കൾ വീടുകളിൽ എത്തിച്ചു നൽകും. അതേസമയം രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്രിലെ ജീവനക്കാർക്ക് ആർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് രാഷ്ട്രപതി ഭവൻ പ്രസ്താവനയിൽ അറിയിച്ചു.
ശുചീകരണ തൊഴിലാളിയുടെ മരുമകൾക്കാണ് രോഗം. ഈ യുവതിയുടെ അമ്മ കൊവിഡ് ബാധിച്ച് ബി.എൽ കപൂർ ആശുപത്രിയിൽ ഏപ്രിൽ 13ന് മരിച്ചിരുന്നു. ഇവരുമായി സമ്പർക്കമുണ്ടായ യുവതിക്ക് നാല് ദിവസം മുമ്പാണ് കൊവിഡ് സ്ഥിരീകരിച്ചത്. മറ്റ് കുടുംബാംഗങ്ങളുടെ പരിശോധനാഫലം നെഗറ്റീവാണ്.
അതിനിടെ ലോക്‌സഭാ സെക്രട്ടേറിയറ്റിലെ ഹൗസ്‌കീപ്പിംഗ് ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചു. ഇയാൾ സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ ഒരു മകൻ പാർലമെന്റിലെ സി.സി ടിവി വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്.
ഒരു ജീവനക്കാരന് കൊവിഡ് ബാധിച്ചതോടെ ആയുഷ്മാൻ ഭാരത് നോഡൽ ഏജൻസിയായ നാഷണൽ ഹെൽത്ത് അതോറിറ്റിയുടെ ഡൽഹി ഓഫീസ് അടച്ചു.