ന്യൂഡൽഹി: വിദേശത്ത് കുടുങ്ങിയവരെ തിരിച്ചെത്തിക്കാൻ കേന്ദ്രസർക്കാർ തയ്യാറാക്കുന്ന മാർഗ്ഗരേഖ അനുസരിച്ച് മാത്രമേ മുന്നോട്ട് പോകാനാകൂ എന്നും ഇക്കാര്യങ്ങളിൽ കോടതി ഇടപെടില്ലെന്നും സുപ്രീംകോടതി. അമേരിക്കയിലും ഇറാനിലും കുടുങ്ങിയ ഇന്ത്യക്കാരെ ഉടൻ നാട്ടിൽ തിരിച്ചെത്തിക്കാൻ നിർദ്ദേശിക്കണമെന്ന ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് എൻ .വി. രമണ അദ്ധ്യക്ഷനായ ബെഞ്ച്. ഇറാനിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് സഹായം ഉറപ്പാക്കാൻ അവിടത്തെ എംബസിക്ക് നിർദ്ദേശം നൽകണമെന്ന് കേന്ദ്രത്തോട് കോടതി നിർദേശിച്ചു. പ്രവാസികൾ ഇപ്പോൾ എവിടെയാണോ അവിടെ തുടരണമെന്നാണ് കേന്ദ്ര നിലപാട്.