ഇന്ത്യ
രോഗികൾ - 20,471
മരണം - 652
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 1,486 പുതിയ കൊവിഡ് കേസുകളും 49 മരണവും സംഭവിച്ചു. ഇതുവരെ 3,960 പേർക്ക് രോഗം ഭേദമായി. ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഡൽഹിയിലെ വ്യോമയാന മന്ത്രാലയ ആസ്ഥാനം അടച്ചു. ന്യൂഡൽഹി ജോർബാഗിലെ രാജീവ് ഗാന്ധി ഭവനാണ് അടച്ചത്. കേന്ദ്രസർക്കാർ മന്ത്രാലയത്തിൽ കൊവിഡ് സ്ഥിരീകരിക്കുന്ന ആദ്യ ജീവനക്കാരനാണിത്. ഇദ്ദേഹം ഏപ്രിൽ 15ന് ഓഫീസിലെത്തിയിരുന്നു. 21നാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന എല്ലാ ജീവനക്കാരോടും സ്വയം ഐസൊലേഷനിൽ പോകാൻ നിർദ്ദേശിച്ചു.
ഡൽഹിയിൽ സി.ആർ.പി.എഫ് കോൺസ്റ്റബിളിന് കൊവിഡ് സ്ഥിരീകരിച്ചു. നഴ്സിംഗ് അസിസ്റ്റന്റായി സേവനം ചെയ്യുന്ന ഇദ്ദേഹം രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്നു പ്രദേശങ്ങൾ കൂടി അടച്ചിട്ടതോടെ ഡൽഹിയിലെ റെഡ് സോണുകൾ 87 ആയി. ഡൽഹി-യു.പി അതിർത്തിയായ ഗാസിയാബാദും നോയ്ഡയും അടച്ചു.
അതിർത്തികളടച്ചത് നോയ്ഡ, ഗ്രേയ്റ്റർ നോയ്ഡ, ഗാസിയാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്ന നഴ്സുമാരെ ബുദ്ധിമുട്ടിലാക്കിയെന്ന് ചൂണ്ടിക്കാട്ടി ആൾ ഇന്ത്യ ഗവൺമെന്റ് നഴ്സസ് ഫെഡറേഷൻ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.
അതിവേഗം കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന മഹാരാഷ്ട്രയിൽ രോഗികൾ 5000 കടന്നു. ഗുജറാത്തിൽ രണ്ടായിരം കവിഞ്ഞു.
സമ്പൂർണമായി അടച്ചുപൂട്ടി കൊവിഡിനെ പ്രതിരോധിച്ച് മാതൃകയായ രാജസ്ഥാനിലെ ഭിൽവാരയിൽ വീണ്ടും കൊവിഡ്. 12 ദിവസത്തെ ഇടവേളയ്ക്ക് ശേഷം 5 പുതിയ കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചത്. ഇവരിൽ രണ്ടുപേർ ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയവരാണ്.
ബിഹാറിൽ പുതിയ 5 കേസുകൾ കൂടി. ആകെ 131.
കൊവിഡ് ബാധിച്ച് മരിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, പൊലീസുകാർ എന്നിവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം 10 ലക്ഷത്തിൽ നിന്ന് 50 ലക്ഷമായി തമിഴ്നാട് സർക്കാർ ഉയർത്തി. മരിച്ചയാളുടെ കുടുംബത്തിലെ അംഗത്തിന് സർക്കാർ ജോലി നൽകും.
കൊവിഡ് ബാധിത ജില്ലകൾ 430, ആറ് നഗരങ്ങളിൽ ഗുരുതരം
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധയുള്ള ജില്ലകളുടെ എണ്ണം 430 ആയി ഉയർന്നു. ഏപ്രിൽ രണ്ടിന് ഇത് 211 ആയിരുന്നു. ആറ് നഗരങ്ങളിൽ 500 നു മുകളിൽ കൊവിഡ് കേസുകളുണ്ട്. ഇത് രാജ്യത്തെ ആകെ കേസുകളുടെ 45 ശതമാനമാണ്. മുംബയിൽ രോഗബാധിതർ 3000 കടന്നിട്ടുണ്ട്. നിലവിൽ 3029. ഡൽഹിയിൽ 2081. അഹമ്മദാബാദ് 1298. ഇൻഡോറിൽ 915. പൂനെയിൽ 660. ജയ്പൂരിൽ 537. അതേസമയം രോഗവ്യാപനത്തിന്റെ വേഗത കുറയുന്നുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നത്. കേസുകളുടെ ഇരട്ടിപ്പ് നിരക്ക് 8.7 ദിവസമായിട്ടുണ്ട്. ലോക്ക്ഡൗണിന് മുമ്പ് ഇത് 3.4 ദിവസം എന്ന നിലയിലായിരുന്നു. രാജ്യത്തെ 60 ശതമാനം കേസുകളും മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ, തമിഴ്നാട് എന്നീ അഞ്ചു സംസ്ഥാനങ്ങളിൽ നിന്നാണ്. -മഹാരാഷ്ട്രയിൽ 5218 കേസുകൾ. മരണം 251. -ഗുജറാത്ത് 2272. മരണം 95. -ഡൽഹി 2,156. മരണം 47. -രാജസ്ഥാൻ 1868. മരണം 27. -തമിഴ്നാട് 1596. മരണം 18. -മദ്ധ്യപ്രദേശ് 1587. മരണം 80. -ഉത്തർപ്രദേശ് 1337. മരണം 21. -തെലങ്കാന 928. മരണം 23. -ആന്ധ്രപ്രദേശ് 813. മരണം 24. -കർണാടക 425. മരണം 17. -പശ്ചിമബംഗാൾ 423. മരണം 15.
മാദ്ധ്യമപ്രവർത്തകർ ജാഗ്രത
മാദ്ധ്യമ പ്രവർത്തകർ മുൻകരുതലെടുക്കണമെന്ന് കേന്ദ്രവാർത്താവിതരണ മന്ത്രാലയം നിർദ്ദേശിച്ചു. ഓഫീസിലെയും പുറത്തെയും ജീവനക്കാരുടെ സുരക്ഷയ്ക്കായി ആവശ്യമായ നടപടി സ്വീകരിക്കാൻ മാനേജ്മെന്റുകളോടും നിർദ്ദേശിച്ചു. തെലങ്കാനയിൽ നാലു മാദ്ധ്യമപ്രവർത്തകർ നിരീക്ഷണത്തിൽ. തമിഴ്നാട്ടിൽ 60 മാദ്ധ്യമപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരുടെ കൊവിഡ് പരിശോധന തുടങ്ങി.