-അഞ്ച് മുതൽ ഏഴ് വർഷം വരെ തടവുശിക്ഷ

ന്യൂഡൽഹി: ആരോഗ്യ പ്രവർത്തകർക്കു നേരെയുള്ള ആക്രമണം ജാമ്യമില്ലാ കുറ്റമായും ഗുരുതര ആക്രമണങ്ങളിൽ പ്രതികളാകുന്നവർക്ക് ഏഴു വർഷം വരെ തടവു ശിക്ഷയും അഞ്ചു ലക്ഷം രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസ് സർക്കാർ പുറത്തിറക്കി. ഇതു സംബന്ധിച്ച നിയമഭേദഗതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകിയിരുന്നു.

കൊവിഡ് പ്രതിരോധത്തിലെ പോരാളികളായി വിശേഷിപ്പിക്കപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്കു നേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന ആക്രമണങ്ങളുടെ പശ്‌ചാത്തലത്തിലാണ് സർക്കാർ നടപടി.

1897ലെ മഹാമാരി നിയമം ഭേദഗതി ചെയ്യുന്ന ഓർഡിനൻസിലെ പ്രധാന വ്യവസ്ഥകൾ:

-ആരോഗ്യപ്രവർത്തകരായ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ പ്രവർത്തകർ, ആശാവർക്കർമാർ തുടങ്ങിയവർക്കെതിരെയുള്ള ആക്രമണം വാറണ്ടില്ലാതെ കേസെടുക്കാവുന്ന, ജാമ്യമില്ലാ കുറ്റം.

ശിക്ഷ ഇങ്ങനെ:

-സാധാരണ ഗതിയിൽ കേസുകളുടെ ഗൗരവമനുസരിച്ച് മൂന്നുമാസം മുതൽ അഞ്ചു വർഷം വരെ തടവുശിക്ഷയും അരലക്ഷം മുതൽ രണ്ടുലക്ഷം രൂപ വരെ പിഴയും

-ഗൗരവമേറിയ അല്ലെങ്കിൽ ഗുരുതരമായ പരിക്കിന് കാരണമാകുന്ന കേസുകളിൽ ആറുമാസം മുതൽ ഏഴുവർഷം വരെ തടവുശിക്ഷയും ഒരു ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ പിഴയും.

-ആക്രമണങ്ങളിൽ നാശമുണ്ടാകുന്ന ക്ളിനിക്ക്, വാഹനങ്ങൾ തുടങ്ങിയവയുടെ വിപണി വിലയുടെ രണ്ടിരട്ടി നഷ്‌ടപരിഹാരം പ്രതികളിൽ നിന്ന് ഈടാക്കും.

-അന്വേഷണം മൂന്നുമാസത്തിനുള്ളിൽ പൂർത്തിയാക്കി ഒരു വർഷത്തിനുള്ളിൽ അന്തിമ നടപടിയുണ്ടാകണം.

പ്രകാശ് ജാവദേക്കർ, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി.

പ്രതിരോധ രംഗത്തെ പോരാളികളെ രോഗം പരത്തുന്നവരെന്ന് തെറ്റിദ്ധരിച്ച് ആക്രമിക്കുന്നത് വച്ചു പൊറുപ്പിക്കാനാകില്ല. നിലവിലെ നിയമങ്ങൾ പ്രകാരം കേസെടുക്കാമെങ്കിലും ശക്തമായ നടപടികൾ ലക്ഷ്യമിട്ടും ആരോഗ്യപ്രവർത്തകർക്ക് സുരക്ഷിതമായി പ്രവർത്തിക്കാനുള്ള സാഹചര്യമൊരുക്കാനുമാണ് കേന്ദ്രസർക്കാർ നിയമ ഭേദഗതി കൊണ്ടുവന്നത്.