health

ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിൽ മുന്നണി പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് മതിയായ സംരക്ഷണമൊരുക്കാൻ വിട്ടുവീഴ്‌ച പാടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് വീണ്ടും നിർദ്ദേശിച്ചു. മൂന്നു തവണ മാർഗനിർദ്ദേശങ്ങൾ നൽകിയിട്ടും ചെന്നൈയിൽ കൊവിഡ് പിടിപെട്ട് മരിച്ച ഡോക്‌ടറുടെ മൃതശരീരം വഹിച്ച ആംബുലൻസ് ആക്രമിച്ചത് അടക്കമുള്ള സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണിത്.

ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ സംരക്ഷണം നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതും കേന്ദ്രം ഒാർമ്മിപ്പിച്ചു. അക്രമികൾക്കെതിരെ ശക്തമായ നിയമ നടപടിയെടുക്കണം. ഇതിന് ജില്ലാ തലങ്ങളിൽ നോഡൽ ഓഫീസർമാരെ നിയമിച്ച് ഏകോപനമുണ്ടാക്കണം. ഇക്കാര്യം ഐ.എം.എ പോലുള്ള സംഘടനകൾ വഴി ആരോഗ്യ പ്രവർത്തകരെയും പൊതുജനങ്ങളെയും അറിയിക്കണം. നടപടികളുടെ വിശദാംശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ടു ചെയ്യണം.