ന്യൂഡൽഹി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ലോക്ക്ഡൗൺ കാലത്തെ വെല്ലുവിളികളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരും കേന്ദ്രഭരണ പ്രദേശങ്ങളിലെ ലെഫ്‌റ്റനന്റ് ഗവർണർമാരുമായി 27ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസ് നടത്തും. കൊവിഡ് പ്രതിസന്ധിയുണ്ടായ ശേഷം പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തുന്ന നാലാമത്തെ വീഡിയോ കോൺഫറൻസാണിത്.

അവശ്യ സാധനങ്ങളുടെ ലഭ്യത, പ്രതിരോധ പ്രവർത്തനങ്ങൾ, ലോക്ക്ഡൗൺ നടപ്പാക്കുന്നതിലെ വെല്ലുവിളി, കാർഷിക മേഖലയിലെ ഇളവുകൾ തുടങ്ങിയവ ചർച്ചയായേക്കും. 21ദിവസത്തെ ലോക്ക്ഡൗണിനിടയ്ക്കാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും മൂന്നു തവണ ചർച്ച നടത്തിയത്. മുഖ്യമന്ത്രിമാരുടെ നിർദ്ദേശം പരിഗണിച്ചാണ് ലോക്ക്ഡൗൺ നീട്ടാൻ തീരുമാനിച്ചത്.