sc

ന്യൂഡൽഹി:പട്ടിക വിഭാഗ മേഖലയിലെ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിൽ പട്ടികവർഗ്ഗക്കാർക്ക് നൂറ് ശതമാനം സംവരണം അനുവദിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. ആന്ധ്രപ്രദേശിൽ പട്ടിക വിഭാഗ മേഖലയിലെ സ്‌കുളുകളിൽ പുതുതായി അനുവദിച്ച അദ്ധ്യാപക തസ്തികളിൽ നൂറ് ശതമാനം പട്ടികവർഗ്ഗ സംവരണം നൽകി ഗവർണർ പുറപ്പെടുവിച്ച ഓർഡിനൻസ് റദ്ദാക്കിയാണ് ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിന്റെ വിധി. സംവരണം 50 ശതമാനത്തിൽ കൂടാൻ പാടില്ലെന്ന വ്യവസ്ഥ ലംഘിച്ചതിന് കോടതി ആന്ധ്ര സർക്കാരിനോട് വിശദീകരണവും തേടി. ആന്ധ്ര സർക്കാരിന്റെ ഉത്തരവ് ആന്ധ്ര ഹൈക്കോടതി ശരിവച്ചിരുന്നു. അതിനെതിരായ അപ്പീലിലാണ് സുപ്രീംകോടതി വിധി. അൻപത് ശതമാനം പരിധി കഴിഞ്ഞുള്ള സംവരണ നിയമനങ്ങൾ സുപ്രീംകോടതി റദ്ദാക്കിയില്ല. നിയമനം കിട്ടിയവരുടെ ഭാവിയെ കരുതിയാണ് നടപടിയെന്ന് പറഞ്ഞ കോടതി,​ ഭാവിയിൽ ഇത് സാധുവായിരിക്കില്ലെന്നും വ്യക്തമാക്കി.