ന്യൂഡൽഹി: കൊവിഡ് 19 മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ചെലവു ചുരുക്കലിന്റെ ഭാഗമായി കേന്ദ്ര ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ വർദ്ധന 2021 ജൂൺ വരെ മരവിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. പ്രതിസന്ധി തീരും വരെ റാഫേൽ യുദ്ധവിമാന കരാർ അടക്കമുള്ള പ്രതിരോധ ഇടപാടുകളും നിറുത്തിവയ്ക്കും.
പതിനേഴ് ശതമാനമായിരുന്ന കേന്ദ്ര ഡി. എയിൽ 2020 ജനുവരി ഒന്നുമുതൽ മുൻകൂർ പ്രാബല്യത്തോടെ നടപ്പാക്കിയ 4% വർദ്ധനയാണ് ഒന്നര വർഷത്തേക്ക് മരവിപ്പിക്കുന്നത്. ഇതിലൂടെ 37,530 കോടി രൂപ ലാഭിക്കാം. മരവിപ്പിച്ച കാലയളവിൽ 17 ശതമാനം ഡി. എ. ലഭിക്കും.
ഡി. എയുടെ കാര്യത്തിൽ കേന്ദ്ര ഉത്തരവ് പിന്തുടരാറുള്ള സംസ്ഥാന സർക്കാരുകളും ഡി.എ വർദ്ധന മരവിപ്പിച്ചാൽ 82,566 കോടി രൂപ ലാഭിക്കാം. രണ്ടും ചേർത്ത് 1.20 ലക്ഷം കോടി രൂപ കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാം.
കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് എം.പിമാരുടെ ശമ്പളം 30ശതമാനം കുറയ്ക്കാനും അഞ്ചുകോടി രൂപ വീതമുള്ള എംപി ഫണ്ട് രണ്ടുകൊല്ലത്തേക്ക് മരവിപ്പിക്കാനും കേന്ദ്രം തീരുമാനിച്ചിരുന്നു. എം. പി ഫണ്ട് മരവിപ്പിച്ചതിലൂടെ 7900 കോടി രൂപ മുതൽക്കൂട്ടാം.
2021 ജൂൺ വരെ ക്ഷാമബത്ത വർദ്ധനയില്ല
@ 48.34 ലക്ഷം കേന്ദ ജീവനക്കാരുടെയും 65.26 ലക്ഷം പെൻഷൻകാരുടെയും 2021 ജൂലായ് ഒന്നു വരെയുള്ള മൂന്ന് ഗഡു ക്ഷാമബത്ത വർദ്ധനയും കുടിശികയും ആണ് മരവിപ്പിച്ചത്
@ 2021 ജൂലായ് ഒന്നിന് ക്ഷാമബത്ത വർദ്ധന അവലോകനം ചെയ്യുമ്പോൾ 2020 ജനുവരി ഒന്നുമുതലുള്ള നാലു ശതമാനം വർദ്ധന പുന:സ്ഥാപിച്ചേക്കും. എന്നാൽ മരവിപ്പിച്ച കാലത്തെ തുക ലഭിക്കില്ല.
പ്രതിരോധ ഇടപാടുകൾക്കും വിലക്ക്
@മൂന്ന് സേനകളും ആയുധങ്ങൾ വാങ്ങുന്നത് അടക്കമുള്ള ഇടപാടുകളെല്ലാം മരവിപ്പിക്കും.
@ഫ്രാൻസിൽ നിന്ന് 58,000 കോടി രൂപയ്ക്ക് 36 റാഫേൽ യുദ്ധ വിമാനങ്ങൾ വാങ്ങുന്ന ഇടപാടും റഷ്യയിൽ നിന്ന് 37,500 കോടി രൂപയുടെ എസ് 400 ട്രയംഫ് വിമാനവേധ മിസൈൽ വാങ്ങുന്ന കരാറും മരവിപ്പിക്കും.
@ആദ്യത്തെ നാല് റാഫേൽ യുദ്ധവിമാനങ്ങൾ അടുത്ത മാസം ഇന്ത്യയിൽ എത്തേണ്ടതായിരുന്നു. ഫ്രാൻസിൽ കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് ദസോ ഏവിയേഷൻ ഫാക്ടറി അടച്ചിരിക്കയാണ്.
@ യു.എസ് പ്രസിഡന്റ് ട്രംപിന്റെ സന്ദർശന വേളയിൽ ഒപ്പിട്ട ഹെലികോപ്ടർ കരാറും, മറ്റു രാജ്യങ്ങളിൽ നിന്ന് ടാങ്കുകളും പീരങ്കികളും വാങ്ങുന്നതും നീട്ടിവയ്ക്കും.