india

ന്യൂഡൽഹി: കൊവിഡ് ബാധിതരുടെ എണ്ണത്തിൽ രാജ്യത്ത് വൻ വർദ്ധനയില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. വർദ്ധന നിശ്ചിത അളവിൽ മാത്രമാണ്. അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ മെച്ചപ്പെട്ട നിലയിലാണ് ഇന്ത്യ.

12 ജില്ലകളിൽ കഴിഞ്ഞ 28 ദിവസത്തിനിടെയും, 78 ജില്ലകളിൽ 14 ദിവസത്തിനിടെയും പുതിയ കേസുകളില്ല. ലോക്ക് ഡൗണിന് ശേഷം കൊവിഡ് പരിശോധന 24 മടങ്ങായി വർദ്ധിച്ചു. രോഗവ്യാപനം കുറയ്ക്കാനും കൊവിഡ് കേസുകളുടെ ഇരട്ടിയാകൽ ദിവസം വർദ്ധിപ്പിക്കാനും സാധിച്ചു.

മാർച്ച് 23ന് 14915 ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. ഏപ്രിൽ 22ന് പരിശോധന 5 ലക്ഷം കഴിഞ്ഞു. ടെസ്റ്റുകൾ കൂടുതൽ വ്യാപകമാക്കും. രോഗമുക്തി നിരക്ക് 19.89 ശതമാനമായി വർദ്ധിച്ചു. കൊവിഡ് മുക്തരായവരുടെ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ചുള്ള ചികിത്സ ആരംഭിച്ചതായി എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ അറിയിച്ചു.