ന്യൂഡൽഹി: കൊവിഡിനെതിരെ ഒരുമിച്ച് പോരാടേണ്ട ഘട്ടത്തിൽ വർഗീയ വിദ്വേഷത്തിന്റെ വൈറസ് പരത്താൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി. വീഡിയോ കോൺഫറൻസിലൂടെ ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു സോണിയ. ഇത് നമ്മുടെ സാമൂഹിക ഐക്യത്തെ ഗുരുതരമായി ബാധിക്കും. കൊവിഡിനെതിരായ പോരാട്ടത്തിൽ സഹകരണം വാഗ്ദാനം ചെയ്തും നിർദേശങ്ങൾ നൽകിയും പ്രധാനമന്ത്രിക്ക് നിരവധി തവണ കത്തെഴുതിയിട്ടുണ്ട്. സർക്കാർ ഭാഗികമായി മാത്രമേ നിർദേശങ്ങളോട് പ്രതികരിച്ചിട്ടുള്ളൂ. മേയ് മൂന്നിന് ശേഷം എന്തു ചെയ്യണമെന്നത് സംബന്ധിച്ച് സർക്കാരിന് ഒരു വ്യക്തതയുമില്ല. പ്രതിസന്ധിയിലായ ഓരോ കുടുംബത്തിനും ഇപ്പോൾ 7500 രൂപയെങ്കിലും നൽകേണ്ടത് അത്യാവശ്യമാണ്. മതിയായ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളില്ലാതെയാണ് രാജ്യത്തെ ആരോഗ്യ പ്രവർത്തകർ പോരാട്ടം നടത്തുന്നത്. അവരെ അഭിവാദ്യം ചെയ്യുന്നതായും സോണിയ പറഞ്ഞു.

കാർഷിക, ചെറുകിട വ്യവസായ മേഖലകളിലെ വായ്പകൾക്ക് കുറഞ്ഞത് ഒരു വർഷത്തെ മോറട്ടോറിയം ഏർപ്പെടുത്തണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി ആവശ്യപ്പെട്ടു. പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തെ ധ്രുവീകരിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ ജാഗ്രത പാലിക്കണം. വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ മതിയായ പരിശോധന നടത്തി സുരക്ഷിതമായി തിരിച്ചെത്തിക്കാൻ നടപടിയെടുക്കണം. പ്രത്യേക വിമാനം ഏർപ്പെടുത്തണം. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനായി സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രമേയവും പാസാക്കി.