covid

ന്യൂഡൽഹി: കൊവിഡിനുള്ള ശാശ്വത പരിഹാരമായി കരുതുന്ന വാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണം ബ്രിട്ടനിലെ ഓക്‌സ്‌ഫോർഡ് സർവ്വകലാശാലയിൽ തുടങ്ങി. ബ്രിട്ടനു പുറമെ ജർമ്മനിയും മനുഷ്യരിലെ വാക്സിൻ പരീക്ഷണത്തിന് അനുമതി നൽകിയിട്ടുണ്ട്. 80 ശതമാനം ഫലസാദ്ധ്യത പ്രതീക്ഷിക്കപ്പെടുന്ന പരീക്ഷണം വിജയിച്ചാൽ സെപ്‌തംബറോടെ വാക്‌സിൻ ഉത്പാദിപ്പിക്കാനാകും.

ചിമ്പാൻസിയിൽ കണ്ടെത്തിയ ഒരുതരം വൈറസിനെ അടിസ്ഥാനമാക്കി ഓക്‌സ്‌ഫോർഡ് സർവകാലശാലയ്‌ക്ക് കീഴിലുള്ള ജെന്നർ ഇൻസ്‌റ്റിറ്റ്യൂട്ട് വികസിപ്പിച്ച വാക്‌സിൻ 18-55 വയസ് പ്രായമുള്ള 500 വോളണ്ടിയർമാരിലാണ് ആദ്യഘട്ടത്തിൽ പരീക്ഷിക്കുന്നത്. മുതിർന്ന പൗരൻമാർ അടങ്ങിയ 'ഹൈ റിസ്‌ക്' വിഭാഗമാണ് രണ്ടാംഘട്ടം.

ജർമ്മൻ കമ്പനിയായ ബയോൺടെക്കും യു.എസ് കമ്പനിയായ പിഫൈസറും സംയുക്തമായാണ് പരീക്ഷണം നടത്തുന്നത്. ജൂൺ അവസാനത്തോടെ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബയോൺടെക് സി.ഇ.ഒ ഉഗൂർ സാഹിൻ പറഞ്ഞു.

അതേസമയം,​ ചൈനയിലെ മിലിട്ടറി മെഡിക്കൽ അക്കാഡമി, ഹോങ്കോംഗിൽ കാൻസിനോ ബയോ, യു.എസ് കമ്പനിയായ മൊഡേണിയ എന്നിവയും മനുഷ്യരിൽ പരീക്ഷണം തുടങ്ങിയെന്ന് അവകാശപ്പെടുന്നുണ്ട്.

ഇന്ത്യയടക്കം 150ഓളം കേന്ദ്രങ്ങളിൽ കൊവിഡ് വാക്‌സിനു വേണ്ടിയുള്ള പരീക്ഷണങ്ങൾ പുരോഗമിക്കുമ്പോൾ അവയുടെ വാണിജ്യലാഭം മുന്നിൽ കണ്ട് രാജ്യങ്ങൾ തമ്മിൽ അസ്വാരസ്യങ്ങളും ഉടലെടുത്തിട്ടുണ്ട്. ഒരു ജർമ്മൻ കമ്പനി വികസിപ്പിക്കുന്ന വാക്സിന്റെ പേറ്റന്റിനായി യു.എസ് നീക്കം നടത്തിയത് വിവാദമായിരുന്നു.