sc

ന്യൂഡൽഹി: പട്ടികജാതി,​ പട്ടികവർഗ വിഭാഗങ്ങളിൽ തന്നെയുള്ള സമ്പന്നരും ഉന്നത ജീവിത നിലവാരമുള്ളവരും സംവരണാനുകൂല്യം അർഹതപ്പെട്ടവരിലേക്ക് എത്താൻ അനുവദിക്കുന്നില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. സംവരണപ്പട്ടിക പുതുക്കേണ്ടതുണ്ട്. ഇവരിൽ ഒരുവിഭാഗം ഇപ്പോഴും പ്രാകൃതമായി തുടരുന്നുണ്ടെന്നും അവരെ ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ടെന്നും ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പറഞ്ഞു.

പട്ടികവർഗ വിഭാഗക്കാർക്ക് ഷെഡ്യൂൾഡ് മേഖലയിലെ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിൽ 100 ശതമാനം സംവരണം അനുവദിച്ച ആന്ധ്രാപ്രദേശ് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിധിയിലാണ് ഈ നിരീക്ഷണം. സംവരണം 50 ശതമാനത്തിലേറെയാവരുതെന്ന പരിധി ലംഘിക്കപ്പെട്ടതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടി..

ഭരണഘടനയുടെ 341-ാം വകുപ്പ് പ്രകാരം രാഷ്ട്രപതിയാണ് പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങളുടെ പട്ടിക വിജ്ഞാപനം ചെയ്യുന്നത്.. സംവരണ പട്ടിക അലംഘനീയവും മാറ്റം വരുത്താനാകാത്തതുമല്ലെന്ന് ഇന്ദിരാ സാഹ്നി കേസിലെ വിധി ഉദ്ധരിച്ച് ബെഞ്ച് ചൂണ്ടിക്കാട്ടി. നിലവിലെ സംവരണ ശതമാനത്തെ ബാധിക്കാത്ത രീതിയിൽ അർഹരായവർക്ക് അതുറപ്പാക്കാൻ നിലവിലെ പട്ടിക കേന്ദ്രസർക്കാരിന് പരിഷ്‌കരിക്കാനാവും. കാലാകാലങ്ങളിലെ സാമൂഹ്യ സാമ്പത്തിക സാഹചര്യം മാറുന്നതിന് അനുസരിച്ച് സംവരണ പട്ടിക പുനഃപരിശോധിക്കണമെന്ന് സംവരണ വിഭാഗങ്ങളിൽ നിന്നു തന്നെ ആവശ്യമുയരുന്നുണ്ട്. പട്ടിക പരിഷ്‌കരിക്കണമെന്ന മുതിർന്ന അഭിഭാഷകൻ രാജീവ് ധവാന്റെ നിർദ്ദേശത്തോട് യോജിച്ചാണ് കോടതിയുടെ നിരീക്ഷണം.