arnab-goswamy

ന്യൂഡൽഹി: ചാനൽ ചർച്ചയ്ക്കിടെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ റിപ്പബ്ലിക് ടി.വി ചീഫ് എഡിറ്റർ അർണാബ്‌ ഗോസ്വാമിയുടെ അറസ്റ്റ് മൂന്നാഴ്ചത്തേക്ക് സുപ്രീംകോടതി തടഞ്ഞു. മാദ്ധ്യമ സ്വതന്ത്ര്യത്തിൽ ഇടപെടില്ലെന്നും മാദ്ധ്യമപ്രവർത്തകർക്ക് ഒരു നിയന്ത്രണവും ഏർപ്പെടുത്താനാവില്ലെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനും ജസ്റ്റിസ് എം.ആർ. ഷാ അംഗവുമായ ബെഞ്ച് ഉത്തരവിട്ടു.

അറസ്റ്റ് വിലക്കിയ മൂന്ന് ആഴ്ചയ്ക്കുള്ളിൽ അർണാബിന് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാം. അറസ്റ്റിൽ നിന്ന് സംരക്ഷണം തുടരാൻ കീഴ്‌കോടതികളെ സമീപിക്കാം. മഹാരാഷ്ട്രയിൽ ഒഴികെ രാജ്യത്തെ മറ്റിടങ്ങളിൽ രജിസ്റ്റർ ചെയ്ത എല്ലാ എഫ്.ഐ.ആറിലെയും നടപടികൾ രണ്ട് ആഴ്ചത്തേക്ക് സ്റ്റേ ചെയ്‌തു. ഈ എഫ്.ഐ.ആറുകൾ ഒന്നിച്ചാക്കണമെന്ന ആവശ്യത്തിൽ കേന്ദ്രസർക്കാരിനും സംസ്ഥാനങ്ങൾക്കും നോട്ടീസ് അയയ്ക്കാനും കോടതി ഉത്തരവിട്ടു. നാഗ്പൂരിലെ എഫ്.ഐ.ആർ മുംബയിലേക്ക് മാറ്റണം. അർണബിനും റിപ്പബ്ലിക് ടിവി ഓഫീസിനും സുരക്ഷ ഉറപ്പാക്കാൻ കോടതി മുംബയ് പൊലീസ് കമ്മിഷണറോട് നിർദ്ദേശിച്ചു. വിവിധ സംസ്ഥാനങ്ങളിൽ തനിക്കെതിരെയുള്ള കേസുകളിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് അർണാബ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

 നൂറോളം പരാതി

കഴിഞ്ഞ 16ന് മഹാരാഷ്ട്രയിലെ പാൽഘാർ ഗ്രാമത്തിൽ രണ്ട് ഹിന്ദു സന്യാസികൾ അടക്കം മൂന്ന്‌പേരെ ആൾക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തിൽ നടന്ന ചാനൽ ചർച്ചയ്ക്കിടെ മൗലവിമാരും ക്രിസ്ത്യൻ വൈദികരും കൊലചെയ്യപ്പെടുമ്പോൾ രാജ്യം മൗനം തുടരുമോയെന്നും ഇറ്റലിയിൽ നിന്നുള്ള അന്റോണിയ മൈനോ (സോണിയാ ഗാന്ധി) അപ്പോഴും നിശബ്ദയായിരിക്കുമോ എന്നുമായിരുന്നു അർണാബിന്റെ ചോദ്യം. ഇതിനെതിരെ ഛത്തീസ്ഗഢ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, തെലങ്കാന, ജമ്മുകാശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നൂറോളം പരാതികൾ അർണാബിനെതിരെ രജിസ്റ്റർ ചെയ്തു.