modi

ന്യൂഡൽഹി: സ്വയം പര്യാപ്തതയുടെയും സ്വാശ്രയത്വത്തിന്റെയും പ്രാധാന്യമാണ് കൊവിഡ് പ്രതിസന്ധി നമ്മെ പഠിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ദേശീയ പഞ്ചായത്ത് രാജ് ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തെ ഗ്രാമ പഞ്ചായത്ത് തലവന്മാരുമായി വീഡിയോ കോൺഫറൻസ് ചർച്ച നടത്തുകയായിരുന്നു അദ്ദേഹം.

'പുതിയ പ്രശ്‌നങ്ങളാണ് കൊവിഡ് മൂലം ഉണ്ടായിരിക്കുന്നത്. നാം മുമ്പൊരിക്കലും ഇങ്ങനെയൊരു സാഹചര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. എന്നാൽ ഈ പ്രതിസന്ധി നമ്മെ പുതിയ പാഠം പഠിപ്പിച്ചിരിക്കയാണ്. നമ്മുടെ ഗ്രാമങ്ങൾ സ്വയംപര്യാപ്തമാകേണ്ടതിന്റെ ആവശ്യകത അത് ചൂണ്ടിക്കാണിച്ചുതരുന്നു. ജില്ലകളും സംസ്ഥാനങ്ങളും രാജ്യം മുഴുവനായും സ്വയംപര്യാപ്തത കൈവരിക്കണം.'- മോദി പറഞ്ഞു. രാജ്യത്തിനുള്ളിൽ തന്നെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാകുമെന്ന വലിയ പാഠവും കൊവിഡ് നൽകി.

കൊവിഡ് പ്രതിരോധത്തിൽ പ്രധാനമായ സാമൂഹ്യഅകലം പാലിക്കാൻ 'ദോ ഗജ് ദൂര' (രണ്ടടി അകലം പാലിക്കുക) എന്ന ആശയം ഗ്രാമങ്ങളാണ് സംഭാവന ചെയ്‌തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജമ്മു കാശ്‌മീർ, കർണാടക, ബീഹാർ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, അസാം എന്നിവിടങ്ങളിൽ നിന്നുള്ള ഗ്രാമത്തലവന്മാരുമായാണ് പ്രധാനമന്ത്രി സംവദിച്ചത്.

 ഏകീകൃത ഇ ഗ്രാമ സ്വരാജ് പോർട്ടലും മൊബൈൽ ആപ്പും ഗ്രാമ പഞ്ചായത്ത് വികസന പദ്ധതികൾ തയ്യാറാക്കാനും നടപ്പിൽ വരുത്താനും സഹായിക്കും. ഗ്രാമ പഞ്ചായത്ത് തലത്തിൽ ഡിജിറ്റൽവത്കരണ ശ്രമത്തിനുള്ള പ്രധാന ചുവടുവയ്‌പായ പോർട്ടൽ തത്സമയ നിരീക്ഷണവും ഉത്തരവാദിത്വവും ഉറപ്പാക്കും.

 ഗ്രാമങ്ങളിൽ ഡ്രോൺ സർവേയ്ക്കായി സ്വാമിത്വ

ഡ്രോണുകളും നവീനമായ ആകാശ സർവേ രീതികളും ഉപയോഗിച്ച് ഗ്രാമീണ മേഖലയിൽ ജനവാസ കേന്ദ്രങ്ങൾ രേഖപ്പെടുത്തുന്ന പദ്ധതി.

കെട്ടിടങ്ങളുടെയും വസ്‌തുവിന്റെയും ഉടമസ്ഥാവകാശം തിട്ടപ്പെടുത്തി വരുമാന ശേഖരണവും ഗ്രാമീണ മേഖലയിലെ സ്വത്ത് അവകാശങ്ങളിലെ വ്യക്തതയും ലക്ഷ്യം.

ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്‌പ അപേക്ഷകൾക്കും സ്വത്ത് തർക്കങ്ങൾ പരിഹരിക്കാനും സാധിക്കും.

ഹരിയാന, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര, മദ്ധ്യപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും.