lockdown

ന്യൂഡൽഹി: ലോക്ഡൗൺ നടപ്പാക്കിയില്ലായിരുന്നെങ്കിൽ ഇപ്പോൾ രാജ്യത്ത് 73,​000 കൊവിഡ് കേസുകളുണ്ടാകുമായിരുന്നെന്നും കൊവിഡ് കേസുകളുടെ വൻവർദ്ധന നിയന്ത്രിക്കാൻ ഇതുമൂലം കഴിഞ്ഞെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച സമ്പൂർണ ലോക്ഡൗൺ ഒരുമാസം പിന്നിട്ട സാഹചര്യത്തിലാണ് വിശദീകരണം.

ലോക്ഡൗൺ നടപ്പാക്കിയതോടെ കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിക്കുന്ന കാലയളവ് കുറയ്ക്കാനായി. ഇപ്പോൾ പത്തുദിവസം കൊണ്ടാണ് കൊവിഡ് കേസുകൾ ഇരട്ടിയാകുന്നത്. ലോക്‌ഡൗണിന് മുൻപ് ഇത് മൂന്നു ദിവസമായിരുന്നു. ലോക്‌ഡൗൺ തീരുമാനം ശരിവയ്ക്കുന്നതാണ് കണക്കുകളെന്ന് വിദഗ്ദ്ധ സമിതി ചെയർമാൻ ഡോ.വി.കെ പോൾ അറിയിച്ചു. ലോക്ഡൗൺ ഫലം ഏപ്രിൽ 4 - 5 മുതൽ പ്രകടമായി തുടങ്ങി. കൊവിഡ് കേസുകളുടെ ക്രമാതീത വർദ്ധന നിയന്ത്രിക്കാനായി. മേയ് പകുതി വരെ ലോക്ഡൗൺ ഫലം നിലനിൽക്കും.

അതേസമയം,​ രാജ്യത്തെ മൊത്തം കൊവിഡ് രോഗികൾ 23,077 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ജോ.സെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു. 4748 പേർക്ക് രോഗം ഭേദമായി. 24 മണിക്കൂറിനിടെ 164 പുതിയ കേസുകളുണ്ടായി. 17,​610 പേർ ചികിത്സയിലാണ്. 718 പേരാണ് മരിച്ചത്.രോഗമുക്തി നിരക്ക് വീണ്ടും ഉയർന്ന് 20.5 ശതമാനമായി. കഴിഞ്ഞ 14 ദിവസത്തിനിടെ 80 ജില്ലകളിൽ കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല. 15 ജില്ലകളിൽ 28 ദിവസമായി പുതിയ കൊവിഡ് ബാധിതരില്ല. ഇൻഡോർ,ഹൈദരാബാദ്, അഹമ്മദാബാദ്,സൂററ്റ് എന്നിവിടങ്ങളിലേക്ക് പുതുതായി നാല് മന്ത്രിതലസമിതിയെ അയച്ചു. 9,45,​000 പേർ നിരീക്ഷണത്തിലാണെന്നും സമൂഹവ്യാപനം തടയാൻ നിരീക്ഷണം സഹായിച്ചെന്നും അധികൃതർ അറിയിച്ചു.
തൊഴിലാളികളിൽ കൊവിഡ് പൊസിറ്റീവ് കേസുകളുണ്ടായാൽ ഫാക്ടറി ഉടമകൾക്കെതിരെ കുറ്രം ചുമത്തില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. സാമൂഹ്യ അകലം പാലിക്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നും നി‌ർദ്ദേശിച്ചു.