tripura-cm-

ന്യൂഡൽഹി: ഗോവയ്ക്കും മണിപ്പൂരിനും പിന്നാലെ ത്രിപുരയും കൊവിഡ് മുക്ത സംസ്ഥാനമായി. സംസ്ഥാനത്തെ രണ്ടാമത്തെ കൊവിഡ് രോഗിയും ആശുപത്രി വിട്ടതോടെ സംസ്ഥാനത്ത് കൊവിഡ് രോഗികളില്ലെന്ന് മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ് അറിയിച്ചു. അതേസമയം രാജ്യത്തെ കൊവിഡ് കേസുകളുടെ പകുതിയും മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ്.

 മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 6427 ആയി. 283 പേർ മരിച്ചു. മുംബയ് നഗരത്തിൽ മാത്രം നാലായിരം കടന്നു.

 ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ പുതിയ മൂന്നു കൊവിഡ് കേസുകൾ കൂടി. കാൺപുരിൽ 13 മദ്രസ വിദ്യാർത്ഥികൾക്കും കൊവിഡ് സ്ഥിരീകരിച്ചു. സൗകര്യങ്ങളില്ലാത്ത സർക്കാർ സ്കൂളിലെ നിരീക്ഷണ കേന്ദ്രത്തിൽ പാർപ്പിച്ചുവെന്ന് പരാതി ഉയർന്നതിനെ തുടർന്ന് യു.പിയിലെ 25 ഡോക്ടർമാരുൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി.
 മദ്ധ്യപ്രദേശിൽ നിരീക്ഷണത്തിലുള്ളയാൾ ആത്മഹത്യ ചെയ്തു.
 മധുര മീനാക്ഷി ക്ഷേത്രത്തിലെ പൂജാരിയുടെ അമ്മ കൊവിഡ് ബാധിച്ച് മരിച്ചു. 70കാരിയായ ഇവർ അടുത്തിടെ വിദേശയാത്ര ചെയ്തിട്ടില്ല. ഇവർ ദീർഘകാലമായി മറ്റ് ആരോഗ്യപ്രശ്‌നങ്ങൾക്ക് ചികിത്സയിലായിരുന്നു. തുടർന്ന് 54 പൊലീസുകാരെയും 50 ക്ഷേത്ര ജീവനക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കി. കോയമ്പത്തൂരിൽ 6 പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ചു.


 കർണാടകയിൽ. ആരോഗ്യപ്രവർത്തകരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ രാമനഗര ജയിലിൽ പാർപ്പിച്ച 126 പേരിൽ അഞ്ചുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുൻ മുഖ്യമന്ത്രി എച്ച്.ഡി. ദേവഗൗഡ പ്രതിഷേധിച്ചതിനെ തുടർന്ന് 121 പേരെ ജയിലിൽ നിന്ന് ഹജ്ജ് ഭവനിലേക്ക് മാറ്റി.
 ഡൽഹി മൃഗശാലയിൽ കടുവ വൃക്ക രോഗത്തെ തുടർന്ന് മരിച്ചു. സാമ്പിളുകൾ കൊവിഡ് പരിശോധനയ്ക്ക് അയച്ചു.

 ഡൽഹി എയിംസിലെ നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഗ്യാസ്ട്രോഎന്ററോളജി വാർഡിലെ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ 40 പേർ ക്വാറന്റൈനിൽ.

 നാലു രോഗികളിൽ നടത്തിയ പ്ലാസ്മ തെറാപ്പി ചികിത്സ ഫലപ്രദമാണെന്നും ഗുരുതരാവസ്ഥയിലുള്ള കൂടുതൽ രോഗികളിൽ കൂടി ഇത് പരീക്ഷിക്കാൻ അനുമതി തേടുമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ.

 തകരാറുള്ള ആന്റിബോഡി പരിശോധനാ കിറ്റുകൾ അതത് രാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കുമെന്നും പണം നൽകിയിട്ടില്ലെന്നും ആരോഗ്യമന്ത്രി ഹർഷവർദ്ധൻ
 പുതുച്ചേരി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എം.എൽ.എമാരുടെയും കൊവിഡ് ഫലം നെഗറ്റീവ്.


.