പരീക്ഷകൾ ജൂലായിൽ
ന്യൂഡൽഹി: കൊവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ കോളേജുകളിൽ അടുത്ത അദ്ധ്യയന വർഷം സെപ്തംബറിൽ ആരംഭിച്ചാൽ മതിയെന്ന് യു.ജി.സി നിയോഗിച്ച ഉപദേശക സമിതി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തോട് ശുപാർശ ചെയ്തു. അതുവരെ ഓൺ ലൈൻ ക്ളാസുകൾ നടത്താം.
ലോക്ക് ഡൗൺ കാരണം മാർച്ച് 16 മുതൽ മാറ്റിവച്ച എല്ലാ വർഷാന്ത്യ, സെമസ്റ്റർ പരീക്ഷകളും ജൂലായിൽ നടത്തണം. ഇതിനായി ആവശ്യമെങ്കിൽ ഓൺലൈൻ സംവിധാനം ഉപയോഗിക്കാനും സമിതി ശുപാർശ ചെയ്തു.
ലോക്ക് ഡൗണിൽ അനിശ്ചിതത്വത്തിലായ അദ്ധ്യയനം പുനക്രമീകരിക്കുന്നത് പഠിക്കാൻ യു.ജി.സി നിയമിച്ച ഏഴംഗ സമിതിയാണ് അദ്ധ്യയനം സാധാരണ തുടങ്ങുന്ന ജൂലായിൽ നിന്ന് രണ്ട് മാസം കഴിഞ്ഞ് ആരംഭിച്ചാൽ മതിയെന്ന് ശുപാർശ ചെയ്തിരിക്കുന്നത്. സമിതി റിപ്പോട്ട് പ്രകാരം അദ്ധ്യയനവർഷം പുനഃക്രമീകരിക്കാനുള്ള മാർഗനിർദേശം യു.ജി.സി താമസിയാതെ പുറത്തിറക്കും.
മെഡിക്കൽ,എൻജിനിയറിംഗ് അടക്കം പ്രൊഫഷണൽ പഠനങ്ങൾക്കുള്ള പ്രവേശന പരീക്ഷ ആഗസ്റ്റ് 31ന് മുമ്പ് പൂർത്തിയാക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നിലവിലുണ്ട്. എന്നാൽ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ തീയതി നീട്ടിക്കിട്ടാൻ സുപ്രീംകോടതിയെ കേന്ദ്ര സർക്കാർ സമീപിക്കും.