ഗ്രാമങ്ങളിൽ മുഴുൻ കടകളും
മാളുകൾ, മദ്യശാലകൾ പാടില്ല
ബാർബർ ഷോപ്പുകൾ അരുത്
ന്യൂഡൽഹി/ തിരുവനന്തപുരം: ലോക്ക് ഡൗണിൽ ചെറിയ ഇളവു വരുത്തി, ഗ്രാമപ്രദേശങ്ങളിലെ എല്ലാ കടകളും തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. നഗരങ്ങളിൽ തുറക്കുന്നതിന് ചില നിബന്ധനകളുണ്ട്. ഹോട്ട് സ്പോട്ടുകൾക്ക് ഇളവ് ബാധകമല്ല. ഒരു മാസത്തിലേറെയായി കടകൾ അടച്ചിട്ടിരിക്കുന്ന ആയിരക്കണക്കിന് ചെറുകിട വ്യാപരികൾക്ക് ഏറെ ആശ്വാസം പകരുന്നതാണ് തീരുമാനം. കേന്ദ്രം പ്രഖ്യാപിച്ച ഇളവുകളുടെ ചുവടുപിടിച്ച് സംസ്ഥാനത്ത് വരുത്തുന്ന ഇളവുകൾ ക്രമീകരിച്ച് പൊതുഭരണ വകുപ്പും ഇന്നലെ ഉത്തരവിറക്കി.
മുനിസിപ്പാലിറ്റി, മുനിസിപ്പൽ കോർപറേഷൻ പരിധിക്ക് പുറത്തുള്ള പ്രദേശങ്ങളിൽ മൾട്ടി ബ്രാൻഡ്, സിംഗിൾ ബ്രാൻഡ് മാളുകൾ ഒഴികെ മുഴുവൻ കടകളും തുറക്കാമെന്ന് പൊതുഭരണ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. റസിഡൻഷ്യൽ, മാർക്കറ്റ് കോംപ്ലക്സുകളിലേത് ഉൾപ്പെടെയുള്ള കടകൾക്ക് ഇത് ബാധകമായിരിക്കും. മുനിസിപ്പാലിറ്റി, കോർപറേഷൻ പരിധിക്കകത്ത് ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ഷോപ്പിംഗ് കോംപ്ലക്സ് ഉൾപ്പെടെ തുറക്കാം
കടകൾ തുറക്കുമ്പോൾ പരമാവധി 50 ശതമാനം ജീവനക്കാരേ പാടുള്ളൂ. മാസ്‌കും ശാരീരിക അകലം പാലിക്കലും നിർബന്ധമാണ്. ഈ മാസം 15ന് ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങളിലാണ് കേന്ദ്രം ഭേദഗതി വരുത്തിയത്.
അതേസമയം, മദ്യശാലകൾക്കും മാളുകൾ, തിയേറ്രറുകൾ, ബാർബർ ഷോപ്പുകൾ എന്നിവയ്ക്കും പ്രവർത്തനാനുമതി ഇല്ല. ഇ - കൊമേഴ്സ് സ്ഥാപനങ്ങൾ വഴി അവശ്യ സാധനങ്ങൾ മാത്രമേ വിൽക്കാവൂ. ഇളവുകൾ നടപ്പാക്കുന്നതു സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം. ഡൽഹിയും ആസാമും ഇളവ് ഉടൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി.
ഇളവ്
ഗ്രാമങ്ങളിൽ എല്ലാ കടകളും തുറക്കാം
നഗരങ്ങളിൽ റസിഡൻഷ്യൽ സമുച്ചയങ്ങളോട് ചേർന്നുള്ള കടകളും ജനവാസ മേഖലയ്‌ക്ക് തൊട്ടടുത്തുള്ളതും ഒറ്റയ്ക്കു സ്ഥിതി ചെയ്യുന്നതുമായ കടകളും തുറക്കാം
വിലക്ക്
ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും സിംഗിൾ ബ്രാൻഡ്, മൾട്ടി ബ്രാൻഡ് ഷോപ്പിംഗ് മാളുകൾ
മുനിസിപ്പാലിറ്റി, മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലുൾപ്പെട്ട മാർക്കറ്റ് കോംപ്ലക്സുകൾ
ബാർബർ ഷോപ്പുകൾ, നീന്തൽക്കുളങ്ങൾ, ജിംനേഷ്യങ്ങൾ, സിനിമാ തിയേറ്ററുകൾ, മൾട്ടിപ്ളെക്സുകൾ
ഓഡിറ്റോറിയങ്ങൾ, സമ്മേളന ഹാളുകളും സമാന കേന്ദ്രങ്ങളും
കേരളത്തിൽ ഹോട്ട് സ്പോട്ട്
അല്ലാത്തിടങ്ങളിൽ തുറക്കാം
കേന്ദ്രം അനുവദിച്ച ഇളവുകളുടെ അടിസ്ഥാനത്തിൽ കേരളത്തിൽ ഹോട്ട് സ്പോട്ടുകൾ ഒഴികെയുള്ള സ്ഥലങ്ങളിലെ കടകൾ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുനിസിപ്പൽ, കോർപറേഷൻ പരിധിക്ക് പുറത്തെ എല്ലാ കടകളും തുറക്കാനാണ് കേന്ദ്രാനുമതി. കേരളത്തിന്റെ സവിശേഷ സാഹചര്യമനുസരിച്ച് ഗ്രാമ, നഗര വ്യത്യാസമില്ല.
കട തുറക്കണമെങ്കിൽ ആദ്യം ശുചീകരിക്കുകയും പരിസരമാകെ അണുവിമുക്തമാക്കുകയും വേണം. ഒന്നോ രണ്ടോ ദിവസമെടുത്ത് ഈ ജോലി തീർത്തശേഷം കടകൾ തുറന്നാൽ മതി. അതിനുള്ള ക്രമീകരണങ്ങളും നിർദ്ദേശവും നൽകും.
കേന്ദ്ര ഉത്തരവ് പ്രകാരം ഹോട്ട് സ്പോട്ടുകൾ ഒഴികെയുള്ള ഇടങ്ങളിൽ കടകൾ തുറക്കാമെന്ന് ചീഫ്സെക്രട്ടറി ടോം ജോസ് ഇന്നലെ രാവിലെ അറിയിച്ചിരുന്നു.