ന്യൂഡൽഹി: പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കാനാകില്ലെന്ന് ഇന്നലെ ചീഫ് സെക്രട്ടറിമാരുടെ യോഗത്തിൽ കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ചൗബ വ്യക്തമാക്കി. ലോകത്തിന്റെ നാനാ ഭാഗത്തു നിന്ന് ഒരേ സമയം ഇന്ത്യക്കാരെ കൊണ്ടു വരുന്നത് സങ്കീർണമായ പ്രക്രിയയാണെന്നും ഇതിനായി വിശദമായ പ്രാരംഭ പ്രവർത്തനങ്ങൾ വേണമെന്നുമാണ് കേന്ദ്ര നിലപാട്.
പ്രവാസികളുടെ കാര്യത്തിൽ കേരളം ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങൾ ചീഫ് സെക്രട്ടറി വീഡിയോ കോൺഫറൻസിംഗിൽ വിശദീരിച്ചു. ആദ്യത്തെ ഒരു മാസം ഒരു ലക്ഷം പ്രവാസികൾ എത്തുകയാണെങ്കിലും അവരെ ക്വാറന്റൈൻ ചെയ്യാനുള്ള സൗകര്യം കേരളം ഒരുക്കിയിട്ടുണ്ട്.
അതേസമയം, ലോക്ക് ഡൗണിനു ശേഷം പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നതിൽ തീരുമാനമെടുക്കുന്നതിന് മുൻപ് സംസ്ഥാനങ്ങളുടെ കർമ്മ പദ്ധതികളിൽ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു. എന്തൊക്കെ തയ്യാറെടുപ്പുകൾ സ്വീകരിച്ചെന്ന് വ്യക്തമാക്കണം. യാത്രക്കാരുടെ മുൻഗണനാ ക്രമം, വിമാനത്താവളങ്ങളിലെ പരിശോധന, ക്വാറന്റൈൻ സൗകര്യം, വാഹനങ്ങളിൽ കൊണ്ടുപോകൽ തുടങ്ങിയ കാര്യങ്ങളിലാണ് വ്യക്തത തേടിയത്. ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ, വിസിറ്റിംഗ് വിസയുള്ളവർ, കൊവിഡ് ബാധിക്കാത്തവർ എന്ന രീതിയിൽ ആദ്യ ബാച്ചുകളിൽ മുൻഗണന നൽകണമെന്നാണ് നിർദ്ദേശം.
ചീഫ് സെക്രട്ടറിമാരുടെയും ഡി.ജി.പിമാരുടെയും യോഗത്തിൽ കുടിയേറ്റ തൊഴിലാളികളുടെ വിഷയവും ചർച്ചയായി. കുടിയേറ്റ തൊഴിലാളികളെ സ്വന്തം സംസ്ഥാനങ്ങളിൽ തിരിച്ചെത്തിക്കാൻ ഉടൻ നടപടിയെടുക്കണമെന്ന് മഹാരാഷ്‌ട്ര ആവശ്യപ്പെട്ടു. സ്വന്തം നാട്ടുകാരെ തിരിച്ചു കൊണ്ടുവരാൻ തയ്യാറാണെന്ന് ഉത്തർപ്രദേശ് അറിയിച്ചു. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തുന്നതിന് മുന്നോടിയായാണ് കാബിനറ്റ് സെക്രട്ടറി യോഗം വിളിച്ചത്.
തടസം നീങ്ങി: പ്രവാസികളുടെ
മൃതദേഹം കൊണ്ടുവരാം
ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിൽ കൊണ്ടുവരുന്നതിനുള്ള ക്ളിയറൻസ് തടസം നീക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. അതേസമയം, മൃതദേഹങ്ങൾ കൊണ്ടുവരുന്നത് കേന്ദ്ര ആരോഗ്യ, വിദേശകാര്യ മന്ത്രാലയങ്ങളുടെ അനുമതിയുടെയും വിവിധ മന്ത്രാലയങ്ങൾ പുറത്തിറക്കിയ കൊവിഡ് മാർഗ നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാകണം.
രണ്ടു മലയാളി പ്രവാസികളുടെ മൃതദേഹങ്ങൾ ചെന്നൈ വിമാനത്താവളത്തിൽ കുടുങ്ങിയ സംഭവത്തെ തുടർന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇടപെട്ടാണ് പുതിയ ഉത്തരവിറക്കിയത്.