ന്യൂഡൽഹി: ഇരുപത്തിനാല് മണിക്കൂറിൽ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ആറ് ശതമാനത്തിന്റെ വർദ്ധനയുണ്ടായി. എന്നാൽ കഴിഞ്ഞമാസത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്നലെയാണെന്നത് ആശ്വാസത്തിന് വക നൽകുന്നുവെന്ന്
കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർദ്ധൻ. 3.1 ശതമാനമാണ് മരണനിരക്ക്. എന്നാൽ രോഗം ഭേദമാകുന്നവരുടെ നിരക്ക് 20 ശതമാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,490 പേർക്ക് രോഗം സ്ഥിരീകരിച്ചു.
നിലവിൽ രാജ്യത്ത് 24,942 രോഗികളാണുള്ളത്. ഇതിൽ 18,536 പേർ ചികിത്സയിലാണ്. 5,615 പേർക്ക് രോഗം ഭേദമായി. 779 ആണ് ആകെ മരണം. അടുത്ത രണ്ട് ദിവസങ്ങളിൽ തത്‌സ്ഥിതി തുടരുമെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ഗുജറാത്ത്, മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും ആരോഗ്യമന്ത്രാലം അറിയിച്ചു.
ഡൽഹിയിലെ മൃഗശാലയിൽ ചത്ത വെള്ളക്കടുവയ്ക്ക് കൊവിഡ് ഇല്ല.
യു.പിയിൽ ജൂൺ 30 വരെ പൊതുസമ്മേളനങ്ങൾക്ക് വിലക്ക്.
മംഗളൂരുവിൽ കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം സംസ്‌കരിക്കുന്നത് മംഗളൂരു നോർത്ത് എം.എൽ.എയുടെ നേതൃത്വത്തിൽ തടഞ്ഞു
പ്ലാസ്മ ചികിത്സയ്‌ക്കൊരുങ്ങി ബീഹാർ. നിലവിൽ ഡൽഹി, കേരളം, കർണാടക, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾക്കാണ് പ്ലാസ്മ തെറാപ്പി നടത്താൻ ഐ.സി.എം.ആർ അനുമതിയുള്ളത്.
തമിഴ്‌നാട്ടിൽ പ്രതിരോധ നടപടികളുടെ ഭാഗമായി ചെന്നൈ, കോയമ്പത്തൂർ, മധുര, സേലം, തിരുപ്പൂർ എന്നിവിടങ്ങളിൽ ഇന്ന് (26) മുതൽ നാല് ദിവസത്തേക്ക് സമ്പൂർണ ലോക്ക് ഡൗൺ. അവശ്യസാധനങ്ങളുടെ വിൽപ്പനയ്ക്ക് ഉൾപ്പെടെ വിലക്കുണ്ട്.
മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം 6000 കടന്നു. മരണസംഖ്യ 300 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 394 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. മുംബയിൽ മാത്രം കൊറോണ വൈറസ് ബാധിതരുടെ എണ്ണം 3000 കടന്നു.