# ഡി.എ.മരവിപ്പിക്കൽ പിൻവലിക്കണം
ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത വർദ്ധന മരവിപ്പിച്ച നടപടി പിൻവലിക്കണമെന്ന് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.
പാർലമെന്റ് മന്ദിരത്തിന്റെ നവീകരണവും ബുള്ളറ്റ് ട്രെയിൻ പദ്ധതിയും അടക്കം നിറുത്തിവച്ച്, അതിനുള്ള പണം കൊവിഡ് പ്രതിരോധ നടപടികൾക്ക് ഉപയോഗിക്കണം.
മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ്, രാഹുൽ ഗാന്ധി, പി. ചിദംബരം, കെ.സി. വേണുഗോപാൽ, രൺദീപ് സുർജെവാല തുടങ്ങിയ കോൺഗ്രസ് ഉപദേശക സമിതി അംഗങ്ങൾ വീഡിയോ സന്ദേശത്തിലൂടെയാണ് ഈ ആവശ്യം ഉന്നയിച്ചത്. ചെറുകിട, ഇടത്തരം സംരംഭ മേഖലയ്‌ക്ക് അടിയന്തര സഹായം നൽകണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ ജി.ഡി.പിയുടെ മൂന്നിലൊന്ന് സംഭാവന ചെയ്യുന്ന ചെറുകിട, ഇടത്തരം സംരംഭമേഖല പ്രതിദിനം 30,000 കോടി രൂപയുടെ നഷ്‌ടം നേരിടുകയാണെന്നും മേഖലയെ സഹായിക്കാൻ ഒരു ലക്ഷം കോടിരൂപയുടെ ക്രെഡിറ്റ് ഗാരണ്ടി പദ്ധതി നടപ്പാക്കണമെന്നും സോണിയാഗാന്ധി ആവശ്യപ്പെട്ടു.
ക്ഷാമബത്ത മരവിപ്പിച്ച കേന്ദ്രസർക്കാർ പാർലമെന്റ് മന്ദിരത്തിന്റെ നവീകരണവും മന്ത്രിഭവനങ്ങളുടെ നിർമ്മാണവും അടക്കമുള്ള അനാവശ്യ ചെലവ് ഉപേക്ഷിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
കൊവിഡ് പ്രതിസന്ധി നേരിടാനുള്ള ദേശീയ കർമ്മ പദ്ധതി തയ്യാറാക്കാത്തത് പ്രതിസന്ധി രൂക്ഷമാക്കുമെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ ചൂണ്ടിക്കാട്ടി.