ന്യൂഡൽഹി: ലോക്ഡൗണുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നടത്തുന്ന വിഡിയോ കോൺഫറൻസിലും പ്രവാസി വിഷയം ചർച്ചയാകും. ശനിയാഴ്ച കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ ചീഫ് സെക്രട്ടറിമാരുമായി നടത്തിയ ചർച്ചയിലും പ്രവാസി വിഷയം ഉയർന്നുവന്നു. ഇക്കാര്യത്തിൽ രേഖാമൂലം അഭിപ്രായം അറിയിക്കാൻ സംസ്ഥാനങ്ങൾക്ക് കാബിനറ്റ് സെക്രട്ടറി നിർദ്ദേശം നൽകിയിട്ടുണ്ട്. തിരിച്ചെത്തിക്കുന്ന പ്രവാസികളെ നിരീക്ഷണത്തിൽ പാർപ്പിക്കാനുള്ള സൗകര്യങ്ങളുടെ വിശദാംശങ്ങളും അറിയിക്കണം. ഈ വിവരങ്ങൾ ലഭ്യമായതിന് ശേഷമേ കൃത്യമായ പദ്ധതി കേന്ദ്രം തയാറാക്കൂ.
ഗൾഫ് രാജ്യങ്ങളിലെ എംബസികളുമായും കേന്ദ്രം ആലോചനകൾ ആരംഭിച്ചിട്ടുണ്ട്. കൊവിഡ് ബാധിത രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് നിലവിൽ വിമാന സർവീസുകൾ സാദ്ധ്യമല്ലാത്തതിനാൽ പ്രത്യേക വിമാനങ്ങൾ അയയ്‌ക്കുന്നത് അടക്കമുള്ള കാര്യങ്ങളാണ് പരിഗണിക്കുന്നത്.