ന്യൂഡൽഹി: രണ്ടാംഘട്ട ലോക്ക് ഡൗൺ മേയ് മൂന്നിന് അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിംഗിലൂടെ കൊവിഡ് സ്ഥിതിഗതികൾ വിലയിരുത്തും. ലോക്ക് ഡൗൺ നീട്ടണമെന്ന് പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. ഹോട്ട്സ് പോട്ടുകളിൽ നിയന്ത്രണങ്ങൾ നിലനിറുത്തി മറ്റിടങ്ങളിൽ ഇളവുകൾ അനുവദിക്കാനാണ് കേന്ദ്രനീക്കം. മുഖ്യമന്ത്രിമാരുടെ അഭിപ്രായം ഇക്കാര്യത്തിൽ നിർണായകമാകും.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തീരുമാനമെടുക്കുമെന്നാണ് കേരളം, ബീഹാർ, അസം എന്നീ സംസ്ഥാനങ്ങളുടെ നിലപാട്.
മാർച്ച് 25ന് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ ഫലപ്രദമായെന്നാണ് കേന്ദ്ര വിലയിരുത്തൽ. എന്നാൽ, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽ കൊവിഡ് രോഗികൾ വർദ്ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
സംസ്ഥാനങ്ങളുടെ നിലപാട്
ഡൽഹി, പഞ്ചാബ്, മഹാരാഷ്ട്ര, ഒഡിഷ, പശ്ചിമബംഗാൾ, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ നീട്ടണമെന്ന നിലപാടിലാണ്.
സംസ്ഥാനത്തെ 92 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്ത മുംബയ്, പൂനെ നഗരങ്ങളിലെ നിയന്ത്രിത മേഖലകളിൽ മാത്രം മേയ് 18 വരെ തുടരണമെന്നാണ് മഹാരാഷ്ട്രയുടെ ആവശ്യം.
തെലുങ്കാന മേയ് ഏഴുവരെ ഇതിനോടകം നീട്ടി.
കേന്ദ്ര നിർദ്ദേശം പാലിക്കുമെന്നാണ് ഗുജറാത്ത്, ആന്ധ്ര, തമിഴ്നാട്, ഹരിയാന, ഹിമാചൽ, കർണാടക സംസ്ഥാനങ്ങൾ പറയുന്നത്.
റെഡ് സോണുകളായ കൽക്കത്ത, ഹൗറ, നോർത്ത് 24 പർഗാന, ഹൂഗ്ലി, ഈസ്റ്റ് മിഡ്‌നാപുർ, ഈസ്റ്റ് ബർദ്വാൻ, നാദിയ എന്നിവടങ്ങളിൽ നിയന്ത്രണം തുടരണമെന്ന് പശ്ചിമബംഗാൾ അറിയിച്ചേക്കും. പൂർണമായും പിൻവലിക്കുന്നത് ഗുണകരമല്ലെന്നാണ് പഞ്ചാബിന്റെ നിലപാട്. ഘട്ടംഘട്ടമായി മാത്രമേ നിയന്ത്രണങ്ങൾ പിൻവലിക്കാവൂവെന്നാണ് ഒഡിഷയുടെ അഭിപ്രായം. തീരുമാനം സംസ്ഥാനങ്ങൾക്ക് വിടണമെന്ന അഭിപ്രായമാണ് രാജസ്ഥാനുള്ളത്.
സാമ്പത്തിക സഹായം തേടും
തിരുവനന്തപുരം: ലോക്ക് ഡൗൺ തീരാൻ ഒരാഴ്ച മാത്രം ശേഷിക്കെ പ്രധാനമന്ത്രിയുമായി ഇന്ന് മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തും. ലോക്ക് ഡൗണിൽ ഇളവ് നൽകുന്നതും കോവിഡ് നിയന്ത്രണനടപടികളും ചരക്ക് നീക്കങ്ങളും പ്രതിരോധപ്രവർത്തനങ്ങളുമാണ് പ്രധാനമന്ത്രി ചർച്ച ചെയ്യുക. പ്രതിസന്ധി തരണം ചെയ്യാൻ മുഖ്യമന്ത്രി സാമ്പത്തിക സഹായം ആവശ്യപ്പെടും. പ്രവാസികളുടെ പുനരധിവാസപാക്കേജും ചർച്ചയിൽ ഉന്നയിക്കും. ഇതിന്റെ മുന്നോടിയായി ഇന്നലെ മുഖ്യമന്ത്രി ജില്ലാ കളക്ടർമാരുമായും ഉയർന്ന ഉദ്യോഗസ്ഥരുമായും വീഡിയോകോൺഫറൻസിലൂടെ സ്ഥിതിഗതികൾ വിലയിരുത്തി.