icmr

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 26, 000 കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം കൊവിഡ് കേസുകൾ 26, 917 ആയി. മരണം 826. 24 മണിക്കൂറിനിടെ 1975 പുതിയ കേസുകളുണ്ടായി. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. 47 മരണവും റിപ്പോർട്ട് ചെയ്തു.

ശനിയാഴ്ച രാത്രി മുതലുള്ള കണക്കുപ്രകാരം മഹാരാഷ്ട്രയിൽ 22,രാജസ്ഥാൻ 8, മദ്ധ്യപ്രദേശ് 7,ഗുജറാത്ത് 6, ഡൽഹി, ജമ്മുകാശ്മീർ,തമിഴ്‌നാട് എന്നിവിടങ്ങളിൽ ഒന്നു വീതം മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.

രോഗമുക്തി നിരക്ക് 22 ശതമാനമായി ഉയർന്നു. 5913 പേർക്കാണ് രോഗം ഭേദമായി. ഇതുവരെ 6.25 ലക്ഷം സാമ്പിളുകൾ ഇതുവരെ പരിശോധിച്ചു.

 സംസ്ഥാനത്തെ 80 ശതമാനം കൊവിഡ് രോഗികളിലും രോഗലക്ഷണമുണ്ടായിരുന്നില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. 20 ശതമാനത്തിന് ചെറിയ ലക്ഷണങ്ങൾ മാത്രം.

 മഹാരാഷ്ട്രയിൽ 440 പുതിയ കേസുകൾ. മുംബെയിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥർ കൊവിഡ് ബാധിച്ചു മരിച്ചു. .കൊവിഡ് സ്ഥിരീകരിച്ച 31 മാദ്ധ്യമപ്രവർത്തകർ ആശുപത്രിവിട്ടു.

 പശ്ചിമബംഗാളിൽ ആരോഗ്യവകുപ്പ് അസി.ഡയറക്ടർ ഡോ.ബിപ്ലവ് കാന്തി ദാസ് ഗുപ്ത കൊവിഡ് ബാധിച്ച് മരിച്ചു. 60 കാരനായ ഇദ്ദേഹത്തിന് കഴിഞ്ഞയാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

 ഡൽഹിയിൽ 15 സി.ആർ.പി.എഫ് ജവാന്മാർക്ക് കൂടി കൊവിഡ്. ആകെ 24. മൂന്നു മലയാളികൾ ഉൾപ്പെടെ 9 പേർക്ക് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. 300ൽ അധികം പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്.

മൂന്ന് മാദ്ധ്യമപ്രവർത്തകർക്ക് കൊവിഡ്. പത്തോളം പേർക്ക് കൊവിഡ് സംശയിക്കുന്നു.
 തമിഴ്‌നാട്ടിൽ 64 പുതിയ കേസുകൾ. ഒരു മരണം.
 കർണാടകയിൽ മൂന്ന് പുതിയ കേസുകൾ. 45 കാരി മരിച്ചു.
 ഇന്ത്യയിൽ കുടുങ്ങിയ 113 ശ്രീലങ്കക്കാരെ പ്രത്യേക വിമാനത്തിൽ മടക്കി അയച്ചു.
 ചത്തീസ്ഗഡിൽ 14 ബി.എസ്.എഫ് ജവാന്മാരെ ക്വാറന്റൈനിലാക്കി.
 പ്ലാസ്മ തെറാപ്പി ചികിത്സയ്ക്കായി കൊവിഡ് മുക്തരായവരോട് പ്ലാസ്മ ദാനം ചെയ്യാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ആവശ്യപ്പെട്ടു.

 റാൻഡം ടെസ്റ്റിംഗ് വർദ്ധിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി .