റെഡ് സോണുകളിൽ കർക്കശം
രോഗമില്ലാത്തിടത്ത് പൂർണ ഇളവ്
ട്രെയിൻ, വിമാന സർവീസിന് സാദ്ധ്യതയില്ല
അന്തർ സംസ്ഥാന ബസ് വേണ്ടെന്ന് മുഖ്യമന്ത്രിമാർ
ന്യൂഡൽഹി: മേയ് മൂന്നിനുശേഷം, കൊവിഡ് രോഗികൾ കൂടുതലുള്ള റെഡ് സോണുകളിലും ഹോട്ട് സ്പോട്ടുകളിലും കർശനമായി ലോക്ക് ഡൗൺ തുടരാനും മറ്റു മേഖലകളിൽ ഇളവുകൾ നൽകി നിയന്ത്രണം തുടരാനും പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ധാരണയായി. രോഗബാധയില്ലാത്ത മേഖലകളെ നിയന്ത്രണങ്ങളിൽ നിന്ന് പൂർണമായും ഒഴിവാക്കാനും സാദ്ധ്യതയുണ്ട്.
ട്രെയിൻ, വിമാന സർവീസുകളും അന്തർ സംസ്ഥാന ബസ് സർവീസുകളും വേണ്ടെന്ന നിലപാടിലാണ് മുഖ്യമന്ത്രിമാർ. തീരുമാനം നിലവിലെ ലോക്ക് ഡൗൺ അവസാനിക്കുന്ന മേയ് മൂന്നിന് പ്രധാനമന്ത്രി പ്രഖ്യാപിക്കും. ലോക്ക് ഡൗൺ ജൂൺ മൂന്നുവരെ തുടരണമെന്നാണ് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് നിർദേശിച്ചത്. മേഖല തിരിച്ച് ഇളവുകൾ നൽകി മേയ് പതിനഞ്ചുവരെ ലോക്ക് ഡൗൺ തുടരണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് ഗുണകരമാവുന്നതരത്തിൽ ഗ്രീൻ സോണുകളിൽ വ്യാപാര, വ്യവസായ മേഖലകളുടെ പൂർണ പ്രവർത്തനം ഉറപ്പാക്കാനാണ് കേന്ദ്രശ്രമം. റെഡ് സോണുകളിൽ നിന്നു ഗ്രീൻസോണിലേക്കുള്ള മാറ്റം സാമ്പത്തിക ഭദ്രതയ്ക്ക് അനിവാര്യമാണെന്ന് പ്രധാനമന്ത്രി ഓർമ്മപ്പെടുത്തി. എന്നാൽ രണ്ടാം സാമ്പത്തിക പാക്കേജ് സംബന്ധിച്ച് സൂചന നൽകിയില്ല.
ചർച്ചയിൽ ഒൻപത്
മുഖ്യമന്ത്രിമാർ
കഴിഞ്ഞ തവണത്തെ വീഡിയോ കോൺഫറൻസിൽ പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്താൻ അവസരം കിട്ടാതിരുന്ന മേഘാലയ, മിസോറം, പുതുച്ചേരി, ഉത്തരാഖണ്ഡ്, ഹിമാചൽ, ഒഡിഷ, ബീഹാർ, ഗുജറാത്ത്, ഹരിയാന മുഖ്യമന്ത്രിമാരാണ് ഇന്നലെ സംസാരിച്ചത്. മറ്റു മുഖ്യമന്ത്രിമാരിൽ നിന്ന് നിലപാടുകൾ രേഖാമൂലം ശേഖരിച്ചിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർസിംഗും പങ്കെടുത്തില്ല.
ലോക്ക് ഡൗൺ തുടങ്ങിയ ശേഷം മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന നാലാമത്തെ വീഡിയോ കോൺഫറൻസാണിത്. പ്രധാനമന്ത്രിക്കൊപ്പം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ എന്നിവരും പങ്കെടുത്തു.
ജാഗ്രത വിടരുത്: പ്രധാനമന്ത്രി
തുടർന്നും അതീവ ജാഗ്രത കൂടിയേതീരൂ. വരും മാസങ്ങളിലും പ്രതികൂലാവസ്ഥ നേരിടേണ്ടിവരും.
ഒന്നര മാസം ലോക്ക് ഡൗൺ പാലിച്ചതോടെ ആയിരക്കണക്കിന് ജീവനുകൾ രക്ഷപ്പെട്ടു.
മാർച്ചിന്റെ തുടക്കത്തിൽ മറ്റു പല രാജ്യങ്ങൾക്കൊപ്പമായിരുന്ന ഇന്ത്യയുടെ സ്ഥിതി ഇന്ന് അവയെക്കാൾ മെച്ചമാണ്.
സമ്പദ്‌വ്യവസ്ഥയെ കുറിച്ചു കരുതൽ വേണം.
സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താൻ ഉപകരിക്കുന്ന പരിഷ്‌കാരങ്ങൾ സധൈര്യം നടപ്പാക്കുക.
പ്രവാസികളുടെ മടക്കം
കരുതലോടെ വേണം
പ്രവാസികളെ തിരിച്ചുകൊണ്ടുവരേണ്ടത് കരുതലോടെയും അവരുടെ കുടുംബങ്ങൾക്ക് ദോഷം വരാത്ത വിധത്തിലുമാകണം.
പ്രവാസികളെ തിരിച്ചുകൊണ്ടുവരാൻ നടപടിയെടുക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. ഇതിനായി നോർക്കവഴിയുള്ള ഓൺലൈൻ രജിസ്ട്രേഷൻ കേരളം കഴിഞ്ഞ ദിവസം തുടങ്ങുകയും ചെയ്തു.
മേയ് 15 വരെ ഭാഗികമായി നീട്ടാമെന്ന് കേരളം
തിരുവനന്തപുരം: കേരളത്തിൽ മേയ് 15വരെ ഭാഗികമായ ലോക്ക് ഡൗൺ തുടരണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അപ്പോഴത്തെ സാഹചര്യം പരിശോധിച്ച് തുടർനടപടിയാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിയന്ത്രണം തീരുന്നതിന് തൊട്ടുമുമ്പുള്ള ആഴ്ചയിൽ പുതിയ രോഗബാധിതർ ഇല്ലാത്ത ജില്ലകളിൽ ആൾക്കൂട്ടവും പൊതുഗതാഗതവും നിയന്ത്രിച്ചും ശാരീരികഅകലം പാലിച്ചും ലോക്ക് ഡൗൺ പിൻവലിക്കാമെന്നതാണ് മറ്റൊരു നിർദേശം. അന്തർ ജില്ലാ, സംസ്ഥാന യാത്രകൾ മേയ് 15 വരെ നിയന്ത്രിക്കണം. പ്രവാസികൾക്കായി... - കുറഞ്ഞ വരുമാനമുള്ളവരും ജയിൽശിക്ഷ പൂർത്തിയാക്കിയവരും തൊഴിൽ നഷ്ടപ്പെട്ടവരും വിദ്യാർത്ഥികളുമുണ്ട്. ഇവരുടെ വിമാനക്കൂലി കേന്ദ്രം വഹിക്കണം. -നാല് ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാൻ നോൺ സ്റ്റോപ്പ് ട്രെയിനുകൾ. - മറ്റുസംസ്ഥാനങ്ങളിലെ മലയാളി നഴ്സുമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രധാനമന്ത്രി ഇടപെടണം. - തൊഴിൽ നഷ്ടപ്പെട്ടവർക്ക് പുനരധിവാസ പാക്കേജ്. കാര്യങ്ങൾ അറിയിച്ചു, ചർച്ചയിൽ ചേർന്നില്ല കുറച്ചു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി ഇന്നലത്തെ വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി നേരിട്ടറിയിച്ചിരുന്നു. നിർദേശങ്ങൾ നേരത്തേ അറിയിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. തുടർന്ന് അഭിപ്രായങ്ങൾ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും അറിയിച്ചു. അവസരം ലഭ്യമല്ലാത്തതിനാൽ ചീഫ്സെക്രട്ടറി ടോം ജോസും അഡിഷണൽ ചീഫ്സെക്രട്ടറി ബിശ്വാസ് മേത്തയുമാണ് കോൺഫറൻസിൽ പങ്കെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. "കൊവിഡ് ഭീഷണിയെ ഫലപ്രദമായി നേരിടാൻ സാങ്കേതികവിദ്യ ശരിയായി വിനിയോഗിക്കാൻ സംസ്ഥാനസർക്കാരിനാകുന്നുണ്ട്. കേന്ദ്രസർക്കാർ വികസിപ്പിച്ച ആരോഗ്യസേതു ആപ്പിൽ കേരളവുമായി ബന്ധപ്പെട്ട ഡേറ്റകൾ ഇരുവരെ പങ്കിട്ടിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി" - മുഖ്യമന്ത്രി പിണറായി വിജയൻ.