ന്യൂഡൽഹി: ഗുണനിലവാരമില്ലാത്ത ചൈനീസ് കൊവിഡ് റാപ്പിഡ് ആന്റിബോഡി പരിശോധനാ കിറ്റുകൾ കേന്ദ്ര സർക്കാർ സംഭരിച്ചത് ഇരട്ടി വിലയ്ക്ക്. വിതരണക്കാരും ഇറക്കുമതിക്കാരും തമ്മിലുള്ള തർക്കം ഡൽഹി ഹൈക്കോടതിയിൽ എത്തിയതോടെയാണ് സംഭവം പുറത്തായത്. 245 രൂപയ്ക്ക് ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത കിറ്റ് ഒന്നിന് 600 രൂപ നൽകിയാണ് കേന്ദ്രസർക്കാരിന്റെ നോഡൽ ഏജൻസിയായ ഐ.സി.എം.ആർ വാങ്ങിയത്. സംഭവം വിവാദമായതോടെ കരാർ റദ്ദാക്കിയതായും ഒരു പൈസയുടെ പോലും നഷ്ടം വരുത്തിയിട്ടില്ലെന്നും ഐ.സി.എം.ആർ വ്യക്തമാക്കി.
സംഭവം ഇങ്ങനെ:
♦ പരിശോധനാ കിറ്റ് ചൈനയിൽ നിന്ന് ഇന്ത്യയിൽ ഇറക്കുമതി ചെയ്യാനുള്ള അവകാശം മെട്രിക്‌സ് ലാബിന്. റിയൽമെറ്റബോളിക്‌സ്, ആർക്ക് ഫാർമസ്യൂട്ടിക്കൽസ് എന്നീ കമ്പനികൾക്ക് വിതരണാവകാശവും.
♦ 245 രൂപയ്ക്ക് മെട്രിക്സ് ഇറക്കുമതി ചെയ്ത കിറ്റ്, വിതരണക്കാരിൽ നിന്ന് 600 രൂപയ്ക്ക് കേന്ദ്രം വാങ്ങി.
♦ ചൈനീസ് കമ്പനികളായ ഗ്വാംഗ്‌ഷോ വോണ്ട്‌ഫോ ബയോടെക്, സുഹായ് ലിവ്‌സൺ ഡയഗ്‌നോസ്റ്റിക്‌സ് എന്നിവയിൽനിന്ന് അഞ്ച് ലക്ഷം കിറ്റ് വാങ്ങാൻ 30 കോടിയുടെ കരാറിൽ കേന്ദ്രം ഒപ്പിട്ടത് മാർച്ച് 26, 27 തീയതികളിൽ.
♦ തമിഴ്‌നാട്, ഇന്ത്യയിലെ മരുന്ന് വിതരണക്കാരായ ഷാൻ ബയോടെക്ക് വഴി നേരിട്ട് ചൈനയിൽ നിന്ന് 50,000 കിറ്റുകൾ 3.36 കോടിക്ക് വാങ്ങുന്നു.
♦ വിതരണാവകാശ കരാർ ലംഘിച്ചെന്നാരോപിച്ച് മെട്രിക്‌സിനെതിരെ റിയൽ മെറ്റബോളിക്‌സ് ഡൽഹി ഹൈക്കോടതിയെ സമീപിക്കുന്നു.
♦ വാദത്തിനിടെ കിറ്റുകൾക്കായി അധികവില ഐ.സി.എം.ആറിൽ നിന്ന് ഈടാക്കുന്നത് ജസ്റ്റിസ് നജ്മി വസ്രിയുടെ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ കിറ്റിന് ജി.എസ്.ടി. ഉൾപ്പെടെ 400 രൂപയേ ഈടാക്കാവൂവെന്ന് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്.
♦ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ അനിശ്ചിതത്വത്തിലായ ഇക്കാലത്ത് ഇത്തരം ചൂഷണം അനുവദിക്കാനാകില്ലെന്നും 155 രൂപ അധികം ഈടാക്കുന്നതിൽ തെറ്റില്ലെന്നും കോടതിനിലപാട്.
നിലവാരമില്ലാത്തവയ്ക്ക് കൊള്ളവില
2.76 ലക്ഷം കിറ്റുകൾ ഐ.സി.എം.ആറിന് കൈമാറിക്കഴിഞ്ഞു. ഈ കിറ്റുകൾ വഴിയുള്ള പരിശോധനാഫലം തെറ്റായതോടെ പരിശോധന നിറുത്തിവച്ചിരിക്കുകയാണ്. 14 കിറ്റിൽ മൂന്നെണ്ണം മാത്രമാണ് ശരിയായ ഫലം നൽകിയത്. ഇതോടെ കരാർ റദ്ദാക്കാനും കേന്ദ്രം തീരുമാനിച്ചു. പണം മുൻകൂറായി നൽകിയിട്ടില്ലാത്തതിനാൽ പണം നഷ്ടമാകില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം.