ന്യൂഡൽഹി: ഇന്നലെ പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ലോക്ക് ഡൗൺ നീട്ടുന്നതിൽ യോജിച്ച മുഖ്യമന്ത്രിമാർ എത്രനാൾവേണമെന്ന കാര്യത്തിൽ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്.
ജൂൺ മൂന്നുവരെ തുടരണമെന്നാണ് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് നിർദേശിച്ചത്.
മെയ് 18വരെ നീട്ടണമെന്നും രോഗ ഭീതിയില്ലാത്ത ജില്ലകളിൽ ഇളവു നൽകണമെന്നും രോഗബാധിതർ ഏറ്റവും കൂടുതലുള്ള മഹാരാഷ്ട്ര ആവശ്യപ്പെട്ടു.
രോഗബാധിതർ കൂടുതലുള്ള മറ്റൊരു സംസ്ഥാനമായ ഡൽഹി രോഗവ്യാപനം തടയാൻ കൂടുതൽ സാവകാശം വേണമെന്നും മേയ് 16വരെ നീട്ടണമെന്നും പറഞ്ഞു.
ജനങ്ങൾ ഇപ്പോഴുള്ള സ്ഥലത്ത് തുടരട്ടെയെന്നും കൂടുതൽ പ്രതിരോധ സാമഗ്രികൾ വേണമെന്നും ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു.
ആന്ധ്രാ പ്രദേശ്, തമിഴ്നാട്, കർണാടക എന്നിവ കേന്ദ്ര തീരുമാനത്തിന് വിട്ടു.
പങ്കെടുക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചെങ്കിലും പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി യോഗത്തിൽ പങ്കാളിയായി. ലോക്ക് ഡൗൺ നീട്ടാനാണ് ബംഗാളും ആവശ്യപ്പെട്ടത്. അഭിപ്രായങ്ങൾ എഴുതി നൽകിയ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗ് വിട്ടുനിന്നു.