supreme-court

ന്യൂഡൽഹി: ലോക്ക്ഡൗണിൽ കുടുങ്ങിയ അന്യസംസ്ഥാനത്തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് തിരിച്ചെത്തിക്കണം, ലോക്ക്ഡൗൺ കാലയളവിൽ മുഴുവൻ വേതനവും ഉറപ്പാക്കണം തുടങ്ങിയ ഹർജികളിൽ കേന്ദ്രത്തിന്റെ വിശദീകരണം തേടി സുപ്രീംകോടതി. വേതനം സംബന്ധിച്ച് രണ്ടാഴ്ചയ്ക്കുള്ളിലും തൊഴിലാളികളെ നാട്ടിലേക്ക് തിരിച്ചയക്കുന്നത് സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളിലും വിശദീകരണം നൽകണമെന്നാണ് ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

ഹർജികളിൽ വാദം കേൾക്കുന്നതിനിടെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണും ജസ്റ്റിസ് എൻ.വി. രമണയും തമ്മിൽ രൂക്ഷ വാദപ്രതിവാദങ്ങളുണ്ടായി. കേസിൽ കേന്ദ്രസർക്കാരിന്റെ വാദങ്ങൾ പരിശോധന കൂടാതെ കോടതി അംഗീകരിക്കുകയാണെന്ന പ്രശാന്ത് ഭൂഷന്റെ വാദമാണ് ബെഞ്ചിനെ ചൊടിപ്പിച്ചത്. ''ഈ സ്ഥാപനം ആരുടെയും ബന്ദിയല്ല'' ജസ്റ്റിസ് എൻ.വി. രമണ പറഞ്ഞു. കോടതിയിൽ വിശ്വാസമില്ലാത്ത ഒരാൾക്ക് എങ്ങനെ അവിടെ വാദിക്കാനാവും?​ ഈ കേസ് കോടതി പരിഗണിക്കേണ്ടതുണ്ടോ? ഭരണഘടനാപരമായ സ്ഥാപനമാണിത്. ജസ്റ്റിസ് രമണ പറഞ്ഞു. കേസിൽ ഹാജരാവുന്നതിൽനിന്നു പിൻമാറാൻ തയാറാണെന്നും മറ്റ് ഏതെങ്കിലും അഭിഭാഷകർ ഹാജരാവുമെന്നും ഹർജി തുടർന്നും കേൾക്കണമെന്നും പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടു. പിൻമാറാൻ തങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ബെഞ്ചിന്റെ പ്രതികരണം. തൊഴിലാളികളുടെ പ്രശ്‌നം കേന്ദ്രം സംസ്ഥാനങ്ങളുമായി ചർച്ച ചെയ്തുവരികയാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു.