ന്യൂഡൽഹി: ലോക്ക് ഡൗൺ സാഹചര്യത്തിൽ മാദ്ധ്യമസ്ഥാപനങ്ങൾ ജീവനക്കാരെ പിരിച്ചുവിടുന്നതും ശമ്പളം വെട്ടിക്കുറയ്ക്കുന്നതും ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഡൽഹി യൂണിയൻ ഒഫ് ജേർണലിസ്റ്റ്സ്, നാഷണൽ അലയൻസ് ഒഫ് ജേർണലിസ്റ്റ്സ് സംഘടനകൾ സംയുക്തമായാണ് സുപ്രീംകോടതിയെ സമീപിച്ചത്. മറുപടി നൽകാൻ കേന്ദ്ര സർക്കാരിന് രണ്ടാഴ്ചത്തെ സമയം നൽകി. ഏറെ ഗൗരവത്തോടെ പരിശോധിക്കേണ്ട വിഷയമാണെന്ന് പറഞ്ഞ കോടതി സാമ്പത്തിക മേഖലകൾ പ്രവർത്തിക്കാതിരുന്നാൽ എത്രകാലം ജനങ്ങൾക്ക് പിടിച്ചുനിൽക്കാനാകുമെന്നും ചോദിച്ചു.