niti-ayog-

 മഹാരാഷ്ട്ര സെക്രട്ടേറിയറ്റിൽ നാലുപേർക്ക് രോഗം

 സുപ്രീംകോടതി ജീവനക്കാരനും കൊവിഡ്

ന്യൂഡൽഹി: ഡയറക്ടർ തലത്തിലുള്ള ഒരു ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഡൽഹിയിലെ നീതി ആയോഗ് ആസ്ഥാനമായ നീതി ഭവൻ രണ്ടു ദിവസത്തേക്ക് അടച്ചു. ഇന്നലെ രാവിലെയാണ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി സമ്പർക്കത്തിലായവരെ നിരീക്ഷണത്തിലാക്കി. ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോക്കോൾ പ്രകാരം അണുവിമുക്തമാക്കാനാണ് നീതിഭവൻ അടച്ചത്. ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഡൽഹിയിലെ വ്യോമയാന മന്ത്രാലയ ആസ്ഥാനവും അണുവിമുക്തമാക്കാനായി അടച്ചിട്ടിരുന്നു.

തിങ്കളാഴ്ച സുപ്രീംകോടതി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി സമ്പർക്കത്തിലായ രണ്ടു രജിസ്ട്രാർമാരെ ക്വാറന്റൈനിലാക്കി. ജീവനക്കാരനുമായി സമ്പർക്കത്തിൽ വന്ന മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി. ഇയാൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഏപ്രിൽ 16ന് സുപ്രീംകോടതിയിലുണ്ടായിരുന്ന എല്ലാവരെയും പരിശോധിച്ചേക്കും.
ലോക്ക്ഡൗണിനെതുടർന്ന് അടിയന്തര ഹർജികൾ മാത്രമേ സുപ്രീംകോടതി പരിഗണിക്കുന്നുള്ളൂ. വീഡിയോ കോൺഫറൻസിലൂടെയാണിത്. മൊത്തം 593 ഹർജികൾ കേട്ടു. 215 വിധിയും പറഞ്ഞു.

മഹാരാഷ്ട്ര സെക്രട്ടേറിയറ്റിൽ ഡോക്ടർ ഉൾപ്പെടെ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എമർജൻസി ആംബുലൻസ് സർവീസിൽ പ്രവർത്തിക്കുന്ന ഡോക്ടർക്കും മൂന്ന് ശുചീകരണ തൊഴിലാളികൾക്കുമാണ് രോഗബാധയുണ്ടായത്. ഇവരുമായി സമ്പർക്കത്തിൽ വന്നവരെ നിരീക്ഷണത്തിലാക്കി.

അണു വിമുക്തമാക്കാനും ശുചീകരിക്കാനുമായി സെക്രട്ടേറിയറ്റും പുതിയ അഡ്‌മിനിസ്‌ട്രേറ്റീവ് കെട്ടിടവും ഏപ്രിൽ 30വരെ അടച്ചു. എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥരെ പരിശോധിക്കാനും നീക്കമുണ്ട്. സെക്രട്ടേറിയറ്റിലെ ഗേറ്റിന് മുന്നിൽ തെർമ്മൽ സ്‌കാനർ സ്ഥാപിച്ച് ആളുകളെ പരിശോധിക്കും.