covid-19

ന്യൂഡൽഹി: കൊവിഡ് ബാധിച്ച് ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലിരുന്ന സി.ആർ.പി.എഫ് ജവാൻ മരിച്ചു. അസം ബാർപ്പെട്ട സ്വദേശി മുഹമ്മദ് ഇക്രമാണ് (55) മരിച്ചത്.

മയൂർവിഹാർ ഫേസ് ത്രീ ഖോഡ കോളനിയിലെ 31-ാം ബറ്റാലിയൻ അംഗമാണ് ഇക്രം. ഇദ്ദേഹത്തിന് ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

പാരാമിലിട്ടറി വിഭാഗത്തിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന രാജ്യത്തെ ആദ്യത്തെയാളാണ്. മൂന്നു മലയാളികൾ ഉൾപ്പെടെ ഈ ബറ്റാലിയനിലെ 20ലേറെ പേർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഡൽഹിയിൽ ലോഡ് ഡൗൺ പ്രഖ്യാപിച്ച സ്ഥലങ്ങളിലും കൊവിഡ് തീവ്രബാധിത മേഖലകളിലും ചികിത്സ നടക്കുന്ന ആശുപത്രികളിലും സി.ആർ.പി.എഫുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു. ഇതുവഴിയാണ് രോഗം ബാധിച്ചതെന്നാണ് സൂചന.

മഹാരാഷ്ട്രയിൽ 50 ന് മുകളിൽ പ്രായമുള്ള മൂന്നു പൊലീസുകാർ കൊവിഡ് ബാധിച്ച് മരിച്ചതോടെ മുംബയിലെ 55ന് മുകളിൽ പ്രായമുള്ള പൊലീസുകാരോട് വീട്ടിൽ തന്നെ തുടരാൻ നിർദ്ദേശിച്ചു. സംസ്ഥാനത്ത് 112 പൊലീസുകാർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


 രാജ്യത്ത് 24 മണിക്കൂറിനിടെ 1594 പുതിയ കൊവിഡ് രോഗികളും 51 മരണവും

 ആകെ കൊവിഡ് 29, 974 ആയി. 937മരണം.

 രോഗമുക്ത നിരക്ക് 23.3 ശതമാനമായി ഉയർന്നതായും കൊവിഡ് ഇരട്ടിയാകൽ നിരക്ക് 10.20 ദിവസമായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

 കേരളത്തിലെ വയനാട് ഉൾപ്പെടെ രാജ്യത്തെ 17 ജില്ലകളിൽ കഴിഞ്ഞ 28 ദിവസമായി പുതിയ കൊവിഡ് കേസുകളില്ല.
 കേന്ദ്രമന്ത്രിതല സമിതി കൊവിഡ് രൂക്ഷമായ സൂറത്തിലും അഹമ്മദാബാദിലും സന്ദർശനം നടത്തി.

 ധാരാവിയിൽ 42 പുതിയ കേസുകളും നാലു മരണവും കൂടി റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് ബാധിതർ 330. മരണം 18.