nurse

ന്യൂഡൽഹി: ആരോഗ്യപ്രവർത്തകർക്ക് കൂട്ടത്തോടെ കൊവിഡ് ബാധിച്ചതോടെ രാജ്യതലസ്ഥാനത്ത് കടുത്ത ആശങ്ക. ഡൽഹിയിലെ കൊവിഡ് ബാധിതരിൽ 15ൽ ഒരാൾ ആരോഗ്യപ്രവർത്തകരെന്നതാണ് കണക്കുകൾ. സർക്കാർ ,സ്വകാര്യ മേഖലയിലുള്ള 24 ആശുപത്രികളിലും ക്ലിനിക്കുകളിലുമായി ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ 226 ആരോഗ്യപ്രവർത്തകർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. തിങ്കളാഴ്ച വരെയുള്ള കണക്കാണിത്. ഇതിൽ 30ഓളം പേർ മലയാളികളാണ്.

ഡൽഹിയിൽ 4.11 ശതമാനം ആരോഗ്യപ്രവർത്തകർക്ക് രോഗബാധയുണ്ടെന്ന് കേന്ദ്രആരോഗ്യമന്ത്രി ഹർഷവർദ്ധൻ വാർത്താഏജൻസിയോട് പറഞ്ഞു. ഡൽഹിയിൽ നൂറോളം കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം നിലവിലെ അവസ്ഥ ഉത്കണ്ഠയുണ്ടാക്കുന്നതാണെന്നും വ്യക്തമാക്കി.


സർക്കാർ ആശുപത്രിയായ ബാബു ജഗ്‌ജീവൻ റാം മെമ്മോറിയൽ ആശുപത്രിയിൽ ഡോക്ടർമാർ, നഴ്സുമാർ, ശുചീകരണ തൊഴിലാളികൾ,സെക്യൂരിറ്റി ജീവനക്കാർ തുടങ്ങി 65 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രി അടച്ചു. ഡൽഹി എയിംസിലും സഫ്ദർജംഗ് ആശുപത്രിയിലും എട്ടുപേർക്ക് വീതവും രാംമനോഹർ ലോഹ്യയിൽ ഏഴുപേർക്കും കൊവിഡ് ബാധിച്ചു. 26 പേർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് നേരത്തെ അടച്ചിരുന്നു. സ്വകാര്യ ആശുപത്രിയായ പട്പട്ഗഞ്ച് മാക്സിൽ 13 മലയാളി നഴ്സുമാർ ഉൾപ്പടെ 33 ആരോഗ്യപ്രവർത്തകർക്കാണ് കൊവിഡ്. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ കുറവ് തുടക്കംമുതലെ ഡ‌ൽഹിയിൽ വ്യാപകമായ പരാതിയായി ഉയർന്നിരുന്നു.