ന്യൂഡൽഹി: ബോർഡ് പരീക്ഷകളുടെ മൂല്യനിർണയ നടപടികൾ ആരംഭിക്കാനും സി.ബി.എസ്.ഇ മൂല്യ നിർണയത്തിന് സൗകര്യങ്ങളൊരുക്കാനും കേന്ദ്ര മാനവശേഷി മന്ത്രി രമേശ് പൊക്രിയാൽ സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുമായുള്ള വീഡിയോ കോൺഫറൻസിൽ നിർദ്ദേശിച്ചു. ഉച്ചഭക്ഷണ പദ്ധതിയുടെ കേന്ദ്ര വിഹിതം 7300 കോടിയിൽ നിന്ന് 8100 കോടി രൂപയായി വർദ്ധിപ്പിച്ചതായും അദ്ദേഹം അറിയിച്ചു.
സി. ബി. എസ്. ഇ 10, 12 ക്ലാസുകളിൽ ശേഷിക്കുന്ന 29 പ്രധാന വിഷയങ്ങളിൽ പരീക്ഷകൾ സാദ്ധ്യമാകുന്ന ആദ്യ അവസരത്തിൽ തന്നെ നടത്തുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. അതേസമയം ലോക്ക് ഡൗൺ പരിഗണിച്ച് ഇന്റേണൽ അസസ്‌മെന്റ് മാർക്ക് നൽകി 10, 12 ക്ളാസ് വിദ്യാർത്ഥികളെ ജയിപ്പിക്കണമെന്ന് ഡൽഹി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ നിർദ്ദേശിച്ചു.
ലോക്ക് ഡൗൺ കാലത്ത് ഇ - പാഠശാല, നാഷണൽ റെപ്പോസിറ്ററി ഓഫ് ഓപ്പൺ എഡ്യൂക്കേഷണൽ റിസോഴ്‌സസ്, സ്വയം, ഡി. ടി. എച്ച് ചാനൽ സ്വയംപ്രഭ തുടങ്ങിയ ഇ - ലേണിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെ ഓൺലൈൻ പഠനത്തിന് സൗകര്യമുണ്ടെന്ന് രക്ഷിതാക്കളുമായുള്ള വെബിനാറിൽ മന്ത്രി ചൂണ്ടിക്കാട്ടി. അദ്ധ്യയന നഷ്ടം കുറയ്‌ക്കാൻ ദീക്ഷ പ്ലാറ്റ്‌ഫോമിലൂടെ 80,000 കോഴ്‌സുകൾ ലഭ്യമാക്കി. എൻ.സി.ഇ.ആർ.ടിക്കു പിന്നാലെ സി.ബി.എസ്.ഇയും ഉടൻ ബദൽ കലണ്ടർ ഇറക്കും. എൻ.സി.ഇ.ആർ.ടി പുസ്‌തകങ്ങൾ ഉടൻ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കും.