ന്യൂഡൽഹി: രണ്ടാംഘട്ട ലോക്ക് ഡൗൺ കാലാവധി അവസാനിക്കാൻ മൂന്നു ദിവസം മാത്രം ബാക്കി നിൽക്കെ രാജ്യത്തെ കൊവിഡ് കേസുകൾ 31,000 കടന്നു. മരണം ആയിരം പിന്നിട്ടു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക് പ്രകാരം കൊവിഡ് ബാധിച്ചവർ 31,787 ആയി. മരണം 1008.
24 മണിക്കൂറിനിടെ രാജ്യത്ത് 1,813 പുതിയ രോഗികളും 71 മരണവും റിപ്പോർട്ട് ചെയ്തു.
22,982 പേരാണ് ചികിത്സയിൽ. 7,797 പേർക്ക് രോഗം ഭേദമായി. കഴിഞ്ഞ മൂന്നുദിവസമായി കൊവിഡ് കേസുകളുടെ ഇരട്ടിയാകൽ നിരക്ക് 11.3 ദിവസമായി കുറഞ്ഞു. മരണനിരക്ക് 3 ശതമാനം.
യു.പിയിലെ രാംഗഡ് പൊലീസ് സ്റ്റേഷനിലെ സീനിയർ സബ് ഇൻസ്‌പെക്ടർ ഉൾപ്പെടെ നാലുപേർക്ക് കൊവിഡ്. 27 പൊലീസുകാരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ലോക്ക് ഡൗൺ ലംഘനത്തിന് ഏപ്രിൽ 14ന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിന് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
യു.പിയിലെ തുണ്ട്ലയിലെ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന 55കാരനായ റെയിൽവേ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ഡൽഹിയിൽ 529 മാദ്ധ്യമപ്രവർത്തകരെ പരിശോധിച്ചു. ഇതിൽ 526 പേർക്കും രോഗബാധയില്ല. നേരത്തെ മൂന്നുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
11 മാസം പ്രായമുള്ള കുഞ്ഞിന് ഉൾപ്പെടെ 73 പേർക്ക് കൂടി ആന്ധ്രയിൽ കൊവിഡ് സ്ഥിരീകരിച്ചു.
രാജസ്ഥാനിലെ കോട്ട നഗരത്തിൽ കുടുങ്ങിയ വിദ്യാർത്ഥികളെ തിരികെ എത്തിക്കാൻ മഹാരാഷ്ട്ര സർക്കാർ 70 ബസുകൾ അയച്ചു.
വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി ഡൽഹി ഗൗതം ബുദ്ധനഗറിൽ ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർ പ്രതിഷേധിച്ചു.
24 മണിക്കൂറിനിടെ കർണാടകയിൽ 11 കൊവിഡ് കേസുകൾ.
പശ്ചിമബംഗാളിൽ 33 പുതിയ കേസുകൾ.
അഹമ്മദാബാദിലെ സബർമതി സെന്റട്രൽ ജയിലിലെ രണ്ട് തടവുകാർക്ക് കൊവിഡ്.
പകുതി ശമ്പളം മാറ്റിവച്ച് മേഘാലയ
മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരുടെയും, ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥരുടെയും ശമ്പളത്തിൽ പകുതി കൊവിഡ് പ്രതിരോധത്തിനായി നീക്കി വയ്ക്കാൻ മേഘാലയ സർക്കാർ തീരുമാനിച്ചു. ഗ്രൂപ്പ് എ, ബി ഉദ്യോഗസ്ഥരുടെ ശമ്പളത്തിന്റെ 35 ശതമാനം മാറ്റിവയ്ക്കും. ഗ്രൂപ്പ് സി ജീവനക്കാരിൽ ആരോഗ്യവകുപ്പ് , പൊലീസ്, ഹോംഗാർഡ്‌സ് എന്നിവരുടേത് ഒഴികെ ശമ്പളത്തിന്റെ 25 ശതമാനവും നീക്കിവയ്ക്കും. ഗ്രൂപ്പ് ഡി ജീവനക്കാർക്ക് മുഴുവൻ ശമ്പളവും നൽകും. പെൻഷൻകാരുടെയും തുക മുടങ്ങില്ല. കൊവിഡ് പശ്ചാത്തലത്തിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തുള്ള ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടി. ഇവിടെ 12 കൊവിഡ് കേസുകളാണുള്ളത്. ഒരു മരണവും.
മുന്നിലുള്ള സംസ്ഥാനങ്ങൾ
(ആകെ കേസുകൾ, മരണം)
മഹാരാഷ്ട്ര -9318 , 400
ഗുജറാത്ത് - 3774, 181.
ഡൽഹി - 3314, 54.
മദ്ധ്യപ്രദേശ്- 2481, 122.
രാജസ്ഥാൻ -2393, 52
ഉത്തർപ്രദേശ് -2053, 34.
തമിഴ്‌നാട്- 2058, 25.