ന്യൂഡൽഹി: മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിന് നീറ്റ് നിർബന്ധമാക്കുന്നത് എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളിലെ ന്യൂനപക്ഷ സ്ഥാപനങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
മെഡിക്കൽ പ്രവേശനത്തിന് നീറ്റ് നിർബന്ധമാക്കുന്നത് ന്യൂനപക്ഷ അവകാശ ലംഘനമാണെന്ന് ആരോപിച്ച് വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും കല്പിത സർവകലാശാലകൾ, സ്വകാര്യ കോളേജുകൾ എന്നിവയുടെയും മാനേജ്മെന്റുകൾ സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി തള്ളി. നീറ്റ് നിർബന്ധമാക്കിയ മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യയുടെയും ഡെന്റൽ കൗൺസിൽ ഒഫ് ഇന്ത്യയുടെയും വിജ്ഞാപനം ശരിവയ്ക്കുകയും ചെയ്തു. ജസ്റ്റിസുമാരായ അരുൺ മിശ്രയും വിനീത് സരണും എം.ആർ. ഷായും അടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്.
മെഡിക്കൽ പ്രവേശനത്തിന് ഏകീകൃതമായ പരീക്ഷ നടത്തുന്നത് ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് ആ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നതിന് തടസമാകുന്നുവെന്നതായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. എന്നാൽ പ്രവേശനരംഗത്തുളള അഴിമതി തുടച്ചുനീക്കാനും മെഡിക്കൽ പ്രവേശനത്തിന് ഏകീകൃത സ്വഭാവം കൊണ്ടുവരാനുമാണ് നീറ്റ് നടപ്പിലാക്കിയിരിക്കുന്നതെന്ന് കോടതി ഉത്തരവിൽ പറയുന്നു. നീറ്റ് മുന്നോട്ട് വയ്ക്കുന്ന നിബന്ധനകൾ മതപരമോ ഭാഷാപരമോ ആയി വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ലഭിച്ചിട്ടുള്ള ന്യൂനപക്ഷ അവകാശങ്ങൾ ലംഘിക്കുന്നില്ല. രാജ്യത്തിന്റെ വളർച്ച വിദ്യാഭ്യാസത്തിലൂന്നിയാണ്. ആതുര ശുശ്രൂഷാരംഗത്ത് പ്രവർത്തിക്കുന്നതിനുള്ള അടിസ്ഥാനയോഗ്യതയാണ് നീറ്റിലൂടെ മെഡിക്കൽ പ്രവേശനം നേടുകയെന്നത്. അതിൽ ഒരു വിട്ടുവീഴ്ചയും അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ആയുർവേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ കോഴ്‌സുകളിലേക്കുള്ള മെഡിക്കൽ പ്രവേശനത്തിനും നീറ്റ് നിർബന്ധമാക്കി കഴിഞ്ഞ വർഷം അവസാനം സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഹർജിക്കാരിൽ ചിലർ
കേരള പ്രൈവറ്റ് മെഡിക്കൽ കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ, അണ്ണാമലൈ സർവകലാശാല, മണിപ്പാൽ സർവകലാശാല, കർണാടക പ്രൈവറ്റ് മെഡിക്കൽ, തമിഴ്‌നാട് കല്പിത സർവകലാശാല