ന്യൂഡൽഹി: 'ഏറെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി അതിവേഗ ട്രെയിനിൽ യാത്ര ചെയ്യവെ പെട്ടെന്ന് 'അവൻ' പിന്നിലൂടെ വന്ന് തോളിൽ തട്ടി പറഞ്ഞു- ' നിങ്ങളുടെ യാത്ര അവസാനിക്കാറായി. ഇറങ്ങാൻ തയ്യാറായിക്കോളൂ' ബോളിവുഡിൽ നിന്ന് ഹോളിവുഡിലേക്ക് നീണ്ട യാത്രയ്ക്കിടെ ക്ഷണിക്കാത്ത അതിഥിതിയെ

പ്പോലെ കയറിവന്ന അർബുദ രോഗത്തെപ്പറ്റി ഇർഫാൻ എഴുതിയത് ഇങ്ങനെയാണ്.2018 മാർച്ചിൽ തന്റെ ആരാധകർക്കായി എഴുതിയ ഈ തുറന്ന കത്തിലൂടെയാണ് ഇ‍ർഫാന് അർബുദം ബാധിച്ച വിവരം ലോകം അറിയുന്നത്. അപൂർവമായ ന്യൂറോ എൻഡോക്രെയ്‌ൻ എന്ന അർബുദം ബാധിച്ച തന്റെ അവസ്ഥ കടലിൽ പൊങ്ങിക്കിടക്കുന്ന കോർക്ക് പോലെ അനിശ്ചിതാവസ്ഥയിലാണെന്നും അദ്ദേഹം കത്തിൽ സൂചിപ്പിച്ചിരുന്നു.

ഒരു പക്ഷേ മാസങ്ങൾക്കുശേഷം അല്ലെങ്കിൽ വർഷങ്ങൾകഴിഞ്ഞ് അസുഖം ഭേദമായി ജീവിതത്തിലേക്ക് തിരിച്ചു വരാനാകുമെന്ന പ്രതീക്ഷയും അദ്ദേഹം കത്തിൽ പങ്കുവച്ചിരുന്നു. അസുഖത്തിന്റെ ആശങ്കകളെ പിൻസീറ്റിലാക്കി മുന്നേറാൻ കഴിഞ്ഞേക്കുമെന്നും ഖാൻ പറയുന്നുണ്ട്. തനിക്കു വേണ്ടി പ്രാർത്ഥിച്ച ലോകമെമ്പാടുമുള്ള ആരാധകർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം കത്ത് അവസാനിപ്പിക്കുന്നത്.

തിരിച്ചുവരവിന്റെ സൂചന നൽകിയാണ് അദ്ദേഹം ലണ്ടനിൽ ചിത്രീകരിച്ച പിതാവിന്റെയും മകളുടെയും ഇഴയടുപ്പത്തിന്റെ കഥ പറയുന്ന അഗ്രേസി മീഡിയം എന്ന ഹിന്ദി ചിത്രത്തിൽ അഭിനയിച്ചത്. എന്നാൽ പ്രതീക്ഷകൾക്കും ആഗ്രഹങ്ങൾക്കും വിരുദ്ധമായി ആ ട്രെയിൻ ലക്ഷ്യത്തിലെത്തും മുൻപേ നിന്നു.