ന്യൂഡൽഹി: ദിവസേനെ നാലു മണിക്കൂർ ഇളവോടെ മെയ് 17വരെ ലോക്ക്ഡൗൺ നീട്ടാൻ പഞ്ചാബ് സർക്കാർ തീരുമാനിച്ചു. ഇന്നുമുതൽ റെഡ് സോണുകളിലും നിരീക്ഷണ മേഖലകളിലും ഒഴികെ രാവിലെ ഏഴുമുതൽ 11മണിവരെയാണ് ഇളവ്. തെലങ്കാന നേരത്തെ മെയ് 7വരെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു.
വ്യവസായ മേഖലയെ സഹായിക്കാനാണ് നാലു മണിക്കൂർ ഇളവു നൽകുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി കാപ്ടൻ അമരീന്ദർ സിംഗ് അറിയിച്ചു. മഹാമാരി പൂർണമായി ഭേദമാകാൻ ആഗസ്‌റ്റ് വരെ കാത്തിരിക്കേണ്ടി വന്നേക്കാം. അതുകൊണ്ടാണ് ചെറിയ ഇളവു നൽകാൻ തീരുമാനിച്ചത്. ഇളവ് സമയത്ത് ഷോപ്പിംഗ് മാളുകൾ, ബാർബർ ഷോപ്പുകൾ എന്നിവ ഒഴികെ അംഗീകൃത കടകൾക്ക് പകുതി ജീവനക്കാരുമായി തുറന്ന് പ്രവർത്തിക്കാം. നഗരമേഖലയിൽ ഷോപ്പിംഗ് കോംപ്ളക്സുകൾക്ക് വിലക്കു തുടരും. ഓൺലൈൻ വഴി അവശ്യ സേവനങ്ങളുടെ വിതരണം അനുവദിക്കും. തൊട്ടടുത്ത് താമസിക്കുന്ന ജോലിക്കാരെ ഉപയോഗിച്ചാണ് വ്യവസായങ്ങൾ പ്രവർത്തിക്കേണ്ടത്.
ഇ-കൊമേഴ്സ് വഴി എല്ലാ സാധനങ്ങളും വാങ്ങാൻ പശ്ചിമ ബംഗാൾ അനുമതി നൽകി. ഓൺലൈൻ വഴി അവശ്യ സാധനങ്ങൾ മാത്രമെ വിതരണം ചെയ്യാവൂ എന്ന കേന്ദ്രസർക്കാർ മാർഗരേഖ നിലനിൽക്കെയാണിത്.
ചെന്നൈ, കോയമ്പത്തൂർ, മധുര തുടങ്ങിയ നഗരങ്ങളിൽ കർശന ലോക്ക് ഡൗൺ വിജയകരമായി പൂർത്തിയാക്കിയതിനെ തുടർന്ന് ഇന്നു മുതൽ തമിഴ്നാട്ടിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ ആറുമുതൽ വൈകിട്ട് അഞ്ചുവരെ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകി.