ന്യൂഡൽഹി: ഡൽഹിയിലുള്ള 31-ാം സി.ആർ.പി.എഫ് ബറ്റാലിയനിലെ 22 സേനാംഗങ്ങൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ക്യാമ്പ് പൂർണമായും അടച്ചു. കഴിഞ്ഞദിവസം കൊവിഡ് ബാധിച്ച് മരിച്ച ഈ ക്യാമ്പിലെ എ.എസ്.ഐ അസം ബാർപ്പെട്ട സ്വദേശിയുമായ മുഹമ്മദ് ഇക്ര (55)യുടെ സംസ്കാരം ഇന്നലെ ഔദ്യോഗിക ബഹുമതികളോടെ ഡൽഹിയിൽ നടന്നു. ഈ ക്യാമ്പിലെ മൂന്നു മലയാളികൾ ഉൾപ്പെടെ 46 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 350 സേനാംഗങ്ങളെ നിരീക്ഷണത്തിലാക്കി. 257 പേരുടെ പരിശോധനാ ഫലമെത്താനുണ്ട്. മലയാളികളേറെയുള്ള മേഖലയായ മയൂർ വിഹാർ ഫേസ്-3 ഖോഡ കോളനിയിലാണ് 31-ാം ബറ്റാലിയൻ പ്രവർത്തിക്കുന്നത്. 1100 സേനാംഗങ്ങളാണ് ക്യാമ്പിലുള്ളത്.