phone

ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിനുള്ള ആരോഗ്യസേതു ആപ്പ് കേന്ദ്രസർക്കാ‌ർ ജീവനക്കാർ നിർബന്ധമായും ഡൗൺ ലോഡ് ചെയ്യണം. ഓഫീസിലേക്ക് പുറപ്പെടും മുമ്പ് ആപ്പിലൂടെ കൊവിഡ് രോഗസാദ്ധ്യത വിലയിരുത്തണം. സുരക്ഷിതമാണെന്നോ, രോഗസാദ്ധ്യത കുറവാണെന്നോ ആപ്പിലൂടെ ഉറപ്പുവരുത്തിയതിന് ശേഷമേ ഓഫീസിലേക്ക് പോകാവൂ.രോഗസാദ്ധ്യത കൂടുതലെന്നാണ് ആപ്പ് രേഖപ്പെടുത്തുന്നതെങ്കിൽ ഓഫീസിലേക്ക് പോകരുത്. രണ്ടാഴ്ച ഐസൊലേഷനിൽ കഴിഞ്ഞ ശേഷം രോഗസാദ്ധ്യത വീണ്ടും ആപ്പിലൂടെ വിലയിരുത്തണം. സുരക്ഷിതമെന്ന് ഉറപ്പുവരുത്തിയ ശേഷം വീണ്ടും ജോലിയിൽ പ്രവേശിക്കാം.

ആപ്പ് ഡൗൺലോഡ് ചെയ്ത രണ്ടു പേർ സമീപത്തുവന്നാൽ ബ്ലൂടൂത്ത് വഴി ഇരുവരുടെയും ആപ്പുകളിലേക്കും വിവരം പരസ്പരം കൈമാറും. ഉപയോക്താക്കളിൽ ആർക്കെങ്കിലും രോഗം സ്ഥിരീകരിച്ചാൽ അവരുമായി സമ്പർക്കത്തിൽ വന്ന ആപ്പ് ഉപയോക്താക്കൾക്കെല്ലാം വിവരം ലഭിക്കും.

ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്രപേഴ്സണൽ വകുപ്പ് ഇറക്കി. എല്ലാ കേന്ദ്ര വകുപ്പുകൾക്കും മന്ത്രാലയങ്ങൾക്കും കാബിനറ്റ് സെക്രട്ടറിയേറ്റിനും പ്രധാനമന്ത്രി കാര്യാലയത്തിനും പകർപ്പ് കൈമാറി. പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാക്കും.