ന്യൂഡൽഹി: കന്നട ന്യൂസ് ചാനലിലെ മാദ്ധ്യമപ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയ രണ്ടു ഉപമുഖ്യമന്ത്രിമാരടക്കം അഞ്ച് കർണാടക മന്ത്രിമാരെ നിരീക്ഷണത്തിലാക്കി. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ മൂന്നുമന്ത്രിമാരുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് റിപ്പോർട്ടുണ്ട്.
ഉപമുഖ്യമന്ത്രിമാരായ ഗോവിന്ദ് കർജോൾ, ഡോ.സി.എൻ അശ്വത് നാരായൺ, ആഭ്യന്തരമന്ത്രി ബസവരാജ്, ഭവനവകുപ്പ് മന്ത്രി വി.സോമണ്ണ, ടൂറിസം മന്ത്രി സി.ടി രവി, മെഡിക്കൽ എഡ്യൂക്കേഷൻ മന്ത്രി ഡോ.കെ സുധാകർ എന്നിവരാണ് പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളത്. മുഖ്യമന്ത്രി യെദ്യൂരപ്പയുടെ ഓഫീസിലും മാദ്ധ്യമപ്രവർത്തകൻ എത്തിയിരുന്നെങ്കിലും നേരിട്ട് സമ്പർക്കമുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. അതേസമയം മന്ത്രിമാരിൽ ചിലർ ക്വാറൻറീൻ മാനദണ്ഡങ്ങൾ ലംഘിച്ച് വാർത്താസമ്മേളനം നടത്തിയതായും വിമർശം ഉയർന്നു.